താര സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മത്സരത്തില്‍നിന്നു നടന്‍ ജഗദീഷ് പിന്മാറിയേക്കും. പ്രസിഡന്റ് സ്‌ഥാനത്തേക്കു വനിത വരട്ടെ എന്ന നിലപാടിലാണ് ജഗദീഷ്. വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്‌ഥാനത്തേക്കു ശ്വേത മേനോനു സാധ്യതയേറി.
ഇതു സംബന്ധിച്ചു മോഹന്‍ലാല്‍,മമ്മൂട്ടി എന്നിവരുമായി ജഗദീഷ് സംസാരിച്ചു. അവര്‍ സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രസിഡന്റ് സ്‌ഥാനത്തേക്കുള്ള മത്സരത്തില്‍നിന്നു നടന്‍ രവീന്ദ്രന്‍ പിന്മാറി. ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്കുമാത്രം മത്സരിക്കുമെന്നു രവീന്ദ്രന്‍ വ്യക്‌തമാക്കി.
പ്രസിഡന്റ് സ്‌ഥാനത്തേക്ക് ആറു മത്സരാര്‍ഥികളാണുള്ളത്. ജഗദീഷ്, ശ്വേത മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവര്‍. നടന്‍ ജോയ് മാത്യുവിന്റെ പത്രിക നേരത്തെ തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് അഞ്ചു പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും.
ബാബുരാജ് പിന്മാറണമെന്ന് മല്ലിക സുകുമാരന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയരായവര്‍ മാറിനില്‍ക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവര്‍ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാന്‍ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രന്‍ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്‌ഥാനത്തേക്ക് വനിതകള്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്‌തമാക്കി.




