Featured Good News

തളർവാതരോഗി ഭർത്താവിനെ ഭാര്യ ചുമന്നത് 150 കിലോമീറ്റർ, മുടക്കാതെ കൻവാർ യാത്ര , ഹൃദയം കീഴടക്കിയ വൈറൽ വീഡിയോ

ആധുനികലോകത്ത് അപൂര്‍വമായി കാണാന്‍ കഴിയുന്ന ഒന്നായി യഥാര്‍ത്ഥ സ്‌നേഹം മാറിയിട്ടുണ്ട്. ഭര്‍ത്താവിനോടുള്ള സ്‌നേഹവും വിധേയത്വവും എന്താണെന്ന് മുസാഫര്‍നഗറില്‍ നിന്നുള്ള ആശ കാണിച്ചുതന്നു. തളര്‍വാതരോഗിയായ ഭര്‍ത്താവ് സച്ചിനെ പുറകില്‍ ചുമന്നുകൊണ്ടു കന്‍വാര്‍യാത്ര നടത്തിയാണ് ആശ ഞെട്ടിച്ചത്. അതും 150 കിലോമീറ്ററോളം ദൂരമായിരുന്നു നടന്നത്.

അദ്ദേഹം ഇത്രയും വര്‍ഷക്കാലം പതിവായി നടത്തിയിരുന്ന കന്‍വാര്‍യാത്ര മുടങ്ങരുതെന്ന ആവശ്യത്തിനൊപ്പം തന്റെ ഭര്‍ത്താവിന് വീണ്ടും നടക്കാന്‍ കഴിയുന്ന വിധത്തില്‍ കാലുകള്‍ക്ക് ശക്തി തിരിച്ചു കിട്ടുവാന്‍ വേണ്ടിയുമായിരുന്നു വ്യത്യസ്തമായ തീര്‍ത്ഥാടനം. ഹരിദ്വാറില്‍ നിന്നും മോഡിനഗറിലേക്കാണ് ആശ യാത്ര ആരംഭിച്ചത്്. തങ്ങളുടെ രണ്ട് കൊച്ചുകുട്ടികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 13 വര്‍ഷത്തിനിടെ സച്ചിന്‍ ഒരിക്കലും കന്‍വാര്‍ യാത്ര നഷ്ടപ്പെടുത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം നട്ടെല്ലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഇത്തവണത്തെ തീര്‍ത്ഥാടനം നഷ്ടമാകുമെന്ന് തോന്നിയെങ്കിലും ഭാര്യ അത് സമ്മതിക്കാന്‍ അനുവദിച്ചില്ല.

ഭര്‍ത്താവിന്റെ ഭാരം മാത്രമല്ല, അവരുടെ പങ്കിട്ട വിശ്വാസവും സ്വപ്നങ്ങളും വഹിക്കാന്‍ അവള്‍ തീരുമാനിച്ചു. ആശയുടെ യാത്രയുടെ വീഡിയോ പെട്ടെന്ന് വൈറലായി, രാജ്യമെമ്പാടുമുള്ള ആളുകള്‍ക്ക് അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കണ്ണീരില്‍ കുതിര്‍ന്ന സ്‌നേഹത്തിന്റെയും ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും യഥാര്‍ത്ഥ ഉദാഹരണമാണിതെന്ന് അവര്‍ വിശേഷിപ്പിച്ചു. പുണ്യമാസം സാവന്‍ തുടരുകയും കന്‍വാര്‍ യാത്രികള്‍ ശിവഭക്തിയില്‍ റോഡുകളില്‍ ഇറങ്ങുകയും ചെയ്യുമ്പോള്‍, ആശയുടെ കഥ വേറിട്ടുനില്‍ക്കുന്നു.