ശരീരത്തിനും മനസിനും വളരെയധികം പ്രയോജനം തരുന്ന ഒന്നാണ് യോഗ. ജീവിതശൈലീ രോഗങ്ങള്‍ പോലും വരുതിയില്‍ കൊണ്ട് വരാന്‍ ചിട്ടയായ യോഗയിലൂടെ സാധിയ്ക്കും. ശരിയായ ഉറക്കവും ശരീരത്തിന് ഊര്‍ജ്ജവും നല്‍കാന്‍ യോഗയ്ക്ക് സാധിയ്ക്കും. യോഗയുടെ ആരോഗ്യ ഗുണങ്ങള്‍ എത്ര പറഞ്ഞാലും തീരില്ലെന്ന് തന്നെ പറയേണ്ടി വരും. യോഗ ചെയ്താല്‍ ശരീരത്തിന് കിട്ടുന്ന ഗുണങ്ങളെ കുറിച്ച് അറിയാം.
മൈഗ്രെയിന്‍ തടയുന്നതിന് ഇത് നിങ്ങളെ സഹായിക്കും – മൈഗ്രെയിനുകളും തലവേദനയും ഇന്നത്തെ കാലത്ത് പല ആളുകളും അനുഭവിക്കുന്ന സാധാരണ പ്രശ്‌നങ്ങളാണ്. തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അഭാവമാണ് മൈഗ്രെയ്ന്‍ ആക്രമണത്തിന്റെ പ്രധാന കാരണം. ശീര്‍ഷാസനം കൃത്യമായി പരിശീലിക്കുന്നത് തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നതായി യോഗ പരിശീലകര്‍ പറയുന്നു. ഇത് മൈഗ്രെയ്ന്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. മൈഗ്രെയിനിനുള്ള മറ്റൊരു കാരണമായ സമ്മര്‍ദ്ദം ഒഴിവാക്കാനും യോഗ സഹായിക്കുന്നു.
നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു – യോഗയുടെ പതിവ് പരിശീലനം വിട്ടുമാറാത്ത ഉറക്കമില്ലായ്മ പ്രശ്‌നത്തെ ഫലപ്രദമായി നേരിടാന്‍ സഹായിച്ചതായി കണ്ടെത്തി. ഇത് ആളുകളെ ഉറക്ക രീതികള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും അവരെ നന്നായി ഉറങ്ങാനും പകല്‍ ഉണര്‍ന്നിരിക്കാനും കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കാനും സഹായിക്കുന്നു.
മുഴുവന്‍ ശരീരത്തിനുമുള്ള വ്യായാമം – ജിമ്മിന് കഴിയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സമാധാനപരവും സുരക്ഷിതവും സമഗ്രവുമായ രീതിയില്‍ യോഗ നിങ്ങള്‍ക്ക് നല്‍കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ പേശികളെ നീട്ടുന്നു, നിങ്ങള്‍ക്ക് ശക്തമായ ആബ്‌സ്, കരുത്തുറ്റ കൈകള്‍, മനോഹരമായ നിതംബം, ശക്തമായ പുറം, കാലുകള്‍ എന്നിവ യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്നു.
ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നു – 12 ആഴ്ച തുടര്‍ച്ചയായി യോഗ പരിശീലിക്കുന്നത് ലൈംഗിക ആരോഗ്യത്തിന്റെ എല്ലാ വശങ്ങളും മെച്ചപ്പെടുത്തുമെന്ന് ഗവേഷണം കണ്ടെത്തിയിട്ടുണ്ട്. ലൈംഗികവേളയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദന കുറയ്ക്കുന്നതിനും കൂടുതല്‍ ശക്തമായ രതിമൂര്‍ച്ഛ നേടുന്നതിനും യോഗ സഹായിച്ചതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ശ്വസനം ശരിയായി പരിശീലിപ്പിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും – നിങ്ങള്‍ യോഗയില്‍ ഏതെങ്കിലും ആസനം ചെയ്യുമ്പോള്‍, ഒരു നിശ്ചിത വേഗതയോടും രീതിയിലും ശ്വാസം അകത്തേക്ക് എടുക്കാനും പുറത്തേക്ക് കളയാനും നിങ്ങളെ പഠിപ്പിക്കുന്നു. ആവര്‍ത്തിച്ചുള്ളതും നിയന്ത്രിതവുമായ ഈ ശ്വസനം നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ധാരാളം പുതിയ ഓക്‌സിജന്‍ എത്തിക്കുവാന്‍ സഹായിക്കുന്നു. വ്യായാമം ചെയ്യുമ്പോള്‍ ആവശ്യത്തിന് ഓക്‌സിജന്‍ വേണമെന്ന കാര്യം പരിഗണിക്കുമ്പോള്‍, യോഗ നിങ്ങളുടെ ശരീരത്തിനും പേശികള്‍ക്കും ആരോഗ്യകരവും സുഖകരവുമാക്കാന്‍ ആവശ്യമായതെല്ലാം നല്‍കുന്നു.
നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും – പരിശീലിക്കുന്ന വ്യക്തി അവരുടെ ശ്വസനരീതി ശ്രദ്ധിക്കുകയും, അവരുടെ ശരീരം പറയുന്ന കാര്യങ്ങളിലും അവര്‍ക്ക് അനുഭവപ്പെടുന്ന ഏതെങ്കിലും വേദനകളിലും പ്രയാസങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും, മനസ്സിനെ ഒരു ബിന്ദുവിലേക്ക് കൊണ്ടുവന്ന് ശാന്തമാക്കുകയും ചെയ്യണമെന്ന് യോഗ ആവശ്യപ്പെടുന്നു. മാത്രമല്ല, ഈ മുഴുവന്‍ പരിശീലനവും ശരീരത്തെയും മനസ്സിനെയും ഉത്തേജിപ്പിക്കുകയും നിങ്ങളെ ശാന്തനാക്കുകയും കൂടുതല്‍ സജ്ജരാക്കുകയും ചെയ്യും. കൂടാതെ ആഴത്തിലുള്ള ശ്വസനം കൂടുതല്‍ കാര്യക്ഷമമായി ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങളെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുവാനും സഹായിക്കുന്നു.
നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായിക്കും – സമ്മര്‍ദ്ദം സാധാരണ പോലെ അവഗണിക്കാവുന്ന ഒരു നിരുപദ്രവകരമായ അവസ്ഥയായി പലരും കണക്കാക്കുന്നുണ്ട്. പക്ഷേ ഇത് നിങ്ങളുടെ ശരീരത്തെ തകര്‍ക്കും എന്നതാണ് സത്യം. ഹാനികരമായ ഫ്രീ റാഡിക്കലുകള്‍ പുറപ്പെടുവിക്കുന്നതിനു പുറമേ, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി നശിപ്പിക്കുകയും നിങ്ങളെ ക്ഷീണിതരാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു. യോഗ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുക മാത്രമല്ല, ഫ്രീ റാഡിക്കലുകളുടെ ദോഷഫലങ്ങളെ മറികടക്കാന്‍ സഹായിക്കുകയും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും – നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിനെതിരായ ആക്രമണങ്ങളോട് നിങ്ങളുടെ ശരീരം പ്രതികരിക്കുന്ന രീതിയെ യോഗ യഥാര്‍ത്ഥത്തില്‍ സ്വാധീനിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. ഇത് ജീനുകളിലെ മാറ്റങ്ങളെ ഉത്തേജിപ്പിക്കുകയും കോശങ്ങളുടെ തലത്തില്‍ നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.