ഐപിഎല്ലിന്റെ ആരാധകര്‍ക്കൊന്നും ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അഭിപ്രായഭിന്നതകള്‍ ഉണ്ടാകാനിടയില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 19 പന്തില്‍ 37 റണ്‍സ് അടിച്ചു തകര്‍ത്തതോടെ താരത്തിന്റെ ഫോമിന്റെ കാര്യത്തിലും സംശയം കാണാന്‍ സാധ്യതയില്ല. എന്നിട്ടും എന്തിനാണ് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നായക സ്ഥാനത്ത് നിന്നും മാറിയതെന്ന് കട്ട ധോണി ഫാണ്‍സിന് ഇപ്പോഴും മനസ്സിലായിട്ടില്ല. പതിവിന് വിപരീതമായി ഈ സീസണില്‍ ടീമിനെ നയിക്കാന്‍ നിയോഗിതനായത് യുവതാരം ഋതുരാജ്‌സിംഗ് ഗെയ്ക്ക്‌വാദായിരുന്നു.
സിഎസ്‌കെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും (ആര്‍സിബി) തമ്മിലുള്ള ഐപിഎല്‍ 2024 ഉദ്ഘാടന മത്സരത്തിലായിരുന്നു യുവ ബാറ്റര്‍ക്ക് ധോണി ബാറ്റണ്‍ കൈമാറി, ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം ധോണി പ്രഖ്യാപിച്ചു. ഗെയ്ക്വാദിനു കീഴില്‍ സിഎസ്‌കെ അവരുടെ രണ്ട് ഗെയിമുകളും വിജയിക്കുകയും ചെയ്തു. ധോണിയുടെ നിരീക്ഷണത്തില്‍ യുവതാരം ക്യാപ്റ്റന്‍സി മികവ് മെച്ചപ്പെടുത്തി വരികയാണ്. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെ (സിഎസ്‌കെ) ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി തന്റെ അഭിപ്രായം പങ്കുവെച്ചു. ധോണി തന്റെ അവസാന സീസണാണ് കളിക്കുന്നതെന്നാണ് ശാസ്ത്രി പറയുന്നത്. ”ഇത് എംഎസ് ധോണിയുടെ അവസാന സീസണാണെന്ന് വളരെ വ്യക്തമാണ്. നിങ്ങള്‍ക്കറിയാമോ, ഈ സീസണില്‍ അവസാനം വരെ ധോണി കളിക്കുന്നത് അദ്ദേഹത്തിന്റെ ശരീരം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. അവന്‍ മുഴുവന്‍ സീസണ്‍ കളിക്കുമോ ഇല്ലയോ എന്നത് ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കും.
ഈ സീസണിലെ എല്ലാ മത്സരങ്ങളും ധോണി കളിച്ചേക്കില്ല. അത് അദ്ദേഹത്തിന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.” ശാസ്ത്രി പറഞ്ഞു. സീസണിന്റെ ഇടയ്ക്ക് വെച്ച് കളി നിര്‍ത്തേണ്ടി വന്നാല്‍ പാതിവഴിയഇല്‍ ഋതുരാജിന് നായകസ്ഥാനം നല്‍കി പ്രതിസന്ധിയിലേക്ക് വീഴ്ത്താന്‍ ധോണി ആഗ്രഹിക്കുന്നില്ല. പകരം അയാള്‍ക്ക് ആവശ്യമുള്ള പിന്തുണ നല്‍കി കളത്തില്‍ തന്നെ നില്‍ക്കുന്നു. സഹായിക്കാന്‍ ഞാന്‍ അവിടെയുണ്ട് എന്ന് ബോദ്ധ്യപ്പെടുത്തി പതിയെ പിന്‍സീറ്റ് എടുത്തേക്കും. അതിന് ശേഷം പാനീയങ്ങളുടെ ഇടവേളയ്ക്കിടയിലോ മറ്റെന്തെങ്കിലും ഇടയിലോ ചെറിയ രീതിയില്‍ സംഭാവന നല്‍കുകയും ചെയ്യുമെന്ന് ശാസ്ത്രികരുതുന്നു.
ധോണി ഋതുരാജിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നെന്നും സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവന്‍ നല്‍കുകയാണ് ചെയ്യുന്നതെന്നും രവിശാസ്ത്രി പറയുന്നു. അതേസമയം മൂന്നാമത്തെ മത്സരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനോട് ചെന്നൈ 20 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ ധോണിയുടെ വെടിക്കെട്ട് കണ്ടിരുന്നു. 19 പന്തുകളില്‍ നാലു ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമാണ് ധോണി പറത്തിയത്. ഡേവിഡ് വാര്‍ണറുടേയും ഋഷഭ് പന്തിന്റെയും വെടിക്കെട്ടായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. ഇരുവരും അര്‍ദ്ധശതകം കുറിച്ചു.