
ഓസ്ട്രേലിയയിലുടനീളം 23 നിക്ഷേപ സ്വത്തുക്കള്‍ (Investment properties) സ്വന്തമായുണ്ടായിട്ടും ഇപ്പോഴും ഒരു വാടക ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവ ഇന്ത്യന്‍ വംശജനായ നിക്ഷേപകനാണ് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. രവി ശര്‍മ്മ എന്ന 32-കാരനാണ് ഈ ഇന്ത്യന്‍ വംശജന്‍. രവി ശര്‍മ്മ സെര്‍ച്ച് പ്രോപ്പര്‍ട്ടി ബയേഴ്സ് ഏജന്‍സിയുടെ സ്ഥാപകനും 23 പ്രോപ്പര്‍ട്ടികളുടെ ഉടമയുമാണ്. ഏകദേശം 2.5 കോടി ഡോളര്‍ (25 Million USD) മൂല്യമുള്ള പ്രോപ്പര്‍ട്ടികള്‍ ഇദ്ദേഹത്തിനുണ്ട്.
സിഡ്നിയിലെ മക്വാറി പാര്‍ക്കിലുള്ള മൂന്ന് ബെഡ്റൂം പെന്റൗസ് അപ്പാര്‍ട്ട്മെന്റിലാണ് ഇദ്ദേഹം ഭാര്യയോടൊപ്പം താമസിക്കുന്നത്. ഇതിനായി ആഴ്ചയില്‍ ഏകദേശം 1,420 ഡോളര്‍ (ഏകദേശം 1.18 ലക്ഷം രൂപ) വാടകയായി നല്‍കുന്നു. തനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയും, അതേസമയം ലാഭകരമായ മറ്റ് സ്ഥലങ്ങളില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങി നിക്ഷേപം നടത്തുകയും ചെയ്യുന്ന രീതിയെയാണ് ‘റെന്റ്വെസ്റ്റിംഗ്’ എന്ന് വിളിക്കുന്നത്. ഈ തന്ത്രമാണ് രവി ശര്‍മ്മ പിന്തുടരുന്നത്.
സിഡ്നിയില്‍ ഒരു വീട് സ്വന്തമായി വാങ്ങണമെങ്കില്‍ വലിയൊരു തുക മുന്‍കൂറായി (Deposit) നല്‍കേണ്ടി വരും. ഈ പണം ഒരു വീട്ടില്‍ മാത്രം ഒതുങ്ങിപ്പോകുന്നത് തന്റെ ബിസിനസ് വളര്‍ച്ചയെ ബാധിക്കുമെന്ന് അദ്ദേഹം കരുതുന്നു. സ്വന്തം ആവശ്യത്തിനായി വാങ്ങുന്ന വീട് നിക്ഷേപമെന്ന നിലയില്‍ വലിയ ലാഭം നല്‍കണമെന്നില്ല. കൂടാതെ, അത്തരം വീടുകള്‍ വില്‍ക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ വലിയ തുക നഷ്ടമാകാനും സാധ്യതയുണ്ട്.
തന്റെ 21-ാം വയസ്സിലാണ് രവി ആദ്യത്തെ വീട് വാങ്ങിയത്. ഡബ്ബോയില്‍ (Dubbo) 1,90,000 ഡോളറിന് വാങ്ങിയ ആ മൂന്ന് ബെഡ്റൂം വീട്ടില്‍ നിന്നാണ് അദ്ദേഹത്തിന്റെ വളര്‍ച്ച തുടങ്ങിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം 23-ഓളം വീടുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കി. 2024-ലെ പ്രോപ്പര്‍ട്ടി ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ ‘ഓസ്ട്രേലിയന്‍ ബിസിനസ് ന്യൂസ് യംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം രവി ശര്‍മ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.



