നല്ല മൊരിഞ്ഞ ഉഴുന്നുവട ചട്നിയില്‍ മുക്കി കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും അതിന്റെ നടുവില്‍ എന്തിനാണ് ഒരു ഓട്ട അല്ലെങ്കില്‍ തുള എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉഴുന്നുവട ഇഷ്ടപ്പെടുന്ന എല്ലാ ഭക്ഷണപ്രിയരുടേയും സംശയങ്ങളില്‍ ഒന്നാണ് ഇത്. സ്വാദിഷ്ടമായ ഈ പലഹാരം കഴിക്കുമ്പോഴും അതിന്റെ ഈ പ്രത്യേക രൂപത്തിന് പിന്നിലെ കാരണം പലര്‍ക്കും അറിയില്ല. വടയുടെ ഡിസൈന്റെ ഭാഗമായി തോന്നാമെങ്കിലും, വടയുടെ ഈ ഓട്ടയ്ക്ക് പ്രധാനമായ ചില കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്.
വടകള്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ ഉഴുന്നുവടകള്‍, സാധാരണയായി നല്ല കട്ടിയുള്ളതാണ്. ഓട്ടയില്ലാതെ ഇത് വറുക്കുകയാണെങ്കില്‍, പുറംഭാഗം വേഗത്തില്‍ വേവുകയും ഉള്‍ഭാഗം വേവാതെ പച്ചയായിരിക്കുകയും ചെയ്യും. ഓട്ടയിലൂടെ ചൂടുള്ള എണ്ണ വടയുടെ ഉള്‍ഭാഗത്തും പുറംഭാഗത്തും എത്തുന്നു. ഇത് വട നന്നായി വേവാനും, പുറം മൊരിഞ്ഞും അകം മൃദുവായി ഇരിക്കാനും ഈ രൂപം സഹായിക്കുന്നു.
നടുവില്‍ ഒരു ഓട്ട ഉണ്ടാക്കുന്നതിലൂടെ വടയുടെ മൊത്തത്തിലുള്ള ഉപരിതല വിസ്തീര്‍ണ്ണം വര്‍ദ്ധിക്കുന്നു. ഇത് എണ്ണയ്ക്ക് മാവിന്റെ ഉള്ളിലേക്ക് കൂടുതല്‍ ആഴ്ന്നിറങ്ങാന്‍ അവസരം നല്‍കുന്നു. അതുവഴി വറുക്കാന്‍ ആവശ്യമായ സമയം കുറയ്ക്കുകയും, മൊത്തത്തിലുള്ള ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വട മുഴുവനായും ഒരേപോലെ പാകമാകുന്നു, ഇത് നല്ലൊരു തവിട്ടുനിറവും മൊരിച്ചിലും ലഭിക്കാന്നും കാരണമാകുന്നു.
വട വറുക്കുന്ന സമയത്ത് അതിന്റെ ആകൃതി നിലനിര്‍ത്താനും ഓട്ട സഹായിക്കുന്നു. അധികമുള്ള എണ്ണ എളുപ്പത്തില്‍ വാര്‍ന്നുപോയി വട അധികം എണ്ണമയമുള്ളതാകുന്നത് തടയാന്‍ സഹായിക്കുന്നു. ചൂട് ഒരേപോലെ ലഭിക്കുന്നതിനാല്‍ അകത്ത് മൃദുവായിരിക്കുകയും പുറത്ത് നല്ല മൊരിഞ്ഞതായിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അടുത്ത തവണ വട കഴിക്കുമ്പോള്‍ ഓര്‍ക്കുക, അത് നടുവില്‍ ഓട്ടയുള്ള ഒരു സാധാരണ പലഹാരമല്ല. ഓരോ തവണയും വടയ്ക്ക് മികച്ച രുചിയും, ഗുണവും, കൃത്യമായ പാചകവും ഉറപ്പാക്കുന്ന വിദ്യയാണ് ആ ഓട്ട.




