Celebrity

അനുഷ്‌കയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയെ കുറിച്ച് വാചാലനായി കോലി ;  ആ രംഗം താന്‍ ആവര്‍ത്തിച്ച് കാണാറുണ്ടെന്നും വിരാട് കോലി

ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ബോളിവുഡിലെ മിന്നും താരമായി അനുഷ്‌ക തിളങ്ങുന്ന സമയത്തായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോള്‍ അനുഷ്‌കയുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന് തുറന്നു പറയുകയാണ് വിരാട് കോലി. 2016-ല്‍ പുറത്തിറങ്ങിയ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന ചിത്രമാണ് വിരാടിന് ഇഷ്ടപ്പെട്ട അനുഷ്‌ക ചിത്രം.

ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മ്മാണവും, രചനയും, സംവിധാനവും ചെയ്ത ചിത്രമാണ് ഏ ദില്‍ ഹേ മുഷ്‌കില്‍. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ് ബച്ചന്‍, അനുഷ്‌ക ശര്‍മ്മ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അലിസെ ഖാന്‍ എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക ചിത്രത്തില്‍ അവതരിപ്പിച്ചത്. അനുഷ്‌ക അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമ ഇന്ന് 8 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് കോലി തന്റെ പ്രിയതമ അഭിനയിച്ച പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞത്. അനുഷ്‌കയുടെ ‘എക്കാലത്തെയും പ്രിയപ്പെട്ട ‘ കഥാപാത്രം എന്നാണ് കോലി പറയുന്നത്. മാത്രമല്ല. താന്‍ ചിത്രത്തിലെ ഒരു പ്രത്യേക രംഗം ആവര്‍ത്തിച്ച് കണ്ടതായും കോലി പറയുന്നു.

ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, അലിസെ ഖാന്‍ അവളുടെ വേഷങ്ങളില്‍ തനിക്ക് പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാത്രമല്ല തന്നെ ആഴത്തില്‍ സ്വാധീനിച്ച ഒരു പ്രത്യേക രംഗം പോലും പരാമര്‍ശിച്ചു. ”ആ കഥാപാത്രം (അനുഷ്‌കയുടെ ആത്മാവുള്ള അലിസെ) എനിക്ക് എക്കാലത്തെയും പ്രിയപ്പെട്ടതാണ്. ഞാന്‍ ഇപ്പോഴും അവളോട് പറയാറുണ്ട്. ചിലപ്പോള്‍ ഞാന്‍ ഇരുന്ന് യൂട്യൂബില്‍ അവള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചതിന്റെ ആ സീക്വന്‍സും. രണ്‍ബീര്‍ (കപൂര്‍) തിരിച്ചെത്തിയ രംഗങ്ങളും കാണാറുണ്ട്… ആ ഗാനം എന്റെ ഹൃദയത്തില്‍ പതിഞ്ഞിട്ടുണ്ട്. അതൊരിക്കലും എവിടെയും പോകില്ല. ” – കോലി തുറന്നു പറഞ്ഞു.