Movie News

ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത് തുറന്നു പറഞ്ഞത് തിരിച്ചടിയായി ; ബോളീവുഡില്‍ അവസരം കിട്ടുന്നില്ലെന്ന് തനുശ്രീ

2018 ല്‍ ബോളിവുഡില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച് ആദ്യം ധൈര്യത്തോടെ സംസാരിച്ചത് തന്റെ തൊഴില്‍സാധ്യത കുറച്ചെന്ന് നടി തനുശ്രീദത്ത. തനുശ്രീയുടെ ധീരമായ ചുവടുവെപ്പ് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ മീടൂ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചെങ്കിലും അതിന് ശേഷം ബോളിവുഡില്‍ തനിക്ക് വലിയ രീതിയില്‍ അവസരം കുറയാന്‍ കാരണമായെന്ന് നടി പറഞ്ഞു.

സിനിമാ മേഖലയില്‍ വാഗ്ദാനങ്ങള്‍ ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് ദത്ത സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. സിനിമകള്‍ക്കും വെബ് പ്രോജക്ടുകള്‍ക്കുമായി ഓഫറുകള്‍ ലഭിച്ചിട്ടും, യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത ഒരു അവസ്ഥ വന്നതായി നടി പറഞ്ഞു. നിര്‍മ്മാതാക്കളോ സംവിധായകരോ സ്‌പോണ്‍സര്‍മാരോ ചര്‍ച്ചകളില്‍ നിന്ന് പെട്ടെന്ന് പിന്മാറിയ സംഭവങ്ങള്‍ ഉണ്ടായെന്നും അത് തന്നെ അനിശ്ചിതത്വത്തിലാക്കിയെന്നും അവര്‍ പറഞ്ഞു. അവളോടൊപ്പം പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് ഉചിതമെന്ന ഉപദേശമാണ് മിക്കപ്പോഴും തനിക്ക് അവസരം നിഷേധിക്കാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു. .

മീ ടൂ ക്യാംപെയിന് ഇന്ത്യയില്‍ തുടക്കമിട്ട തനുശ്രീ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത് ഇവരുടെ ആരോപണം നടന്‍ നാനാ പടേക്കര്‍ അടുത്തിടെ നിഷേധിച്ചതോടെയാണ്. മറുപടിയായി, പടേക്കറുടെ പ്രസ്താവനകളോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച അവര്‍ നടനെ നുണയന്‍ എന്ന് വിളിച്ചു. ദത്തയുടെ വെളിപ്പെടുത്തലുകള്‍ സിനിമയില്‍ സ്വാധീനമുള്ള വ്യക്തികളുടെ ലൈംഗികാതിക്രമങ്ങളുടെ സ്വന്തം കഥകളുമായി മുന്നോട്ട് വരാന്‍ നിരവധി സ്ത്രീ കലാകാരികള്‍ക്ക് പ്രചോദനമായി.