Lifestyle

എപ്പോഴാണ് വിവാഹം? ആ ചോദ്യം വീണ്ടും; ഞാന്‍ വിവാഹം കഴിച്ചെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ വിവാഹം എപ്പോഴും രാഷ്ട്രീയത്തിലും പുറത്തും ചര്‍ച്ചയാകാറുണ്ട്. അടുത്തകാലത്തും രാഹുലിന്റെ കുടുംബചിത്രത്തിന്റെ വ്യാജഫോട്ടോ പ്രചരിച്ചിരുന്നു. രാഹുല്‍ഗാന്ധിയാകട്ടെ എപ്പോള്‍ വിവാഹം കഴിക്കുമെന്ന ചോദ്യം പലതവണ കേട്ടുമടുത്തയാളാണ്. ഇത്തവണ ശ്രീനഗറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഈ ചോദ്യം രാഹുല്‍ വീണ്ടും കേള്‍ക്കേണ്ടിവന്നത്.നേരത്തെ ഈ ചോദ്യം വരുമ്പോള്‍ ‘എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു’ രാഹുലിന്റെ സ്ഥിരം ഉത്തരം. എന്നാല്‍ ഇത്തവണ മറുപടി രാഹുല്‍ മാറ്റിപ്പിടിച്ചു.

പല വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട പതിവുചോദ്യം രാഹുലിനോട് വിദ്യാര്‍ത്ഥികള്‍ ചോദിച്ചത്. തുറന്ന സ്ഥലത്ത്ഒരു മേശയ്ക്ക് ചുറ്റുമിരുന്നാണ് രാഹുലും വിദ്യാര്‍ത്ഥികളും ചര്‍ച്ച നടത്തിയത്. വിവാഹത്തെക്കുറിച്ച് പ്ലാനിങ് നടത്തിയോ എന്നതായിരുന്നു ഒ ഉന്നയിച്ച ഒരാളുടെ ചോദ്യം. സ്വതസിദ്ധമായ ശൈലിയില്‍ 54 കാരനായ രാഹുല്‍ മറുപടി പറഞ്ഞു.

‘മുപ്പത് വര്‍ഷമായി ഞാന്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കുന്നു. ഇത്രയും വര്‍ഷം ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ എനിക്ക് സാധിച്ചു. യഥാര്‍ത്ഥത്തില്‍ ഞാന്‍ വിവാഹം കഴിച്ചു, കോണ്‍ഗ്രസ് പാര്‍ട്ടിയെ. പാര്‍ട്ടിയുടെ മുഴുനീള പ്രവര്‍ത്തകനായി മാറിക്കഴിഞ്ഞു’ ഇതായിരുന്നു രാഹുലിന്റെ മറുപടി.