Celebrity

‘കൊനഷ്ട് ഹെഡ്ഡിംഗുള്ള വാര്‍ത്തകള്‍ വന്നാൽ തുറക്കാൻ സൗകര്യമില്ല എന്നൊരു ആറ്റിട്യൂഡായി എനിക്ക്’ – ടൊവിനോ തോമസ്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി ഇന്നിപ്പോള്‍ ഏഷ്യയിലെ മികച്ച നടനായി അംഗീകാരം കിട്ടിയ താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞു. തീവ്രം എന്ന ചിത്രത്തില്‍ സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ടൊവിനോ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറി. പിന്നീടിങ്ങോട്ട് ചെയ്ത ചെറുതും വലുതുമായ എല്ലാ വേഷങ്ങളും നടൻ എന്ന നിലയിൽ മികവുറ്റതാക്കാന്‍ താരം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ തിയേറ്ററുകളിൽ നിന്നും മികച്ച വിജയമാണ് അവയൊക്കെ നേടിയത്. കഥാപാത്രങ്ങളുടെ വലിപ്പമോ പ്രാധാന്യമോ നോക്കാതെ തന്റെ അഭിനയം മികച്ചതാക്കാൻ ടൊവിനോ ശ്രദ്ധിച്ചിട്ടുണ്ട്.

ടൊവിനോയെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി, ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദി എന്നീ ചിത്രങ്ങൾ തീയേറ്ററുകളിൽ സൂപ്പർഹിറ്റായിരുന്നു. മലയാളത്തിനു പുറമെ തമിഴിലും താരം തിളങ്ങി. ബാലാജി മോഹൻ സംവിധാനം ചെയ്ത ധനുഷ് ചിത്രം മാരി 2 ആയിരുന്നു തമിഴിലെ ടൊവിനോയുടെ ആദ്യ ചിത്രം. ബീജ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവീനോ അവതരിപ്പിച്ചത്. യുവ നടന്മാരിൽ ഫാഷൻ ട്രെൻഡുകൾ നല്ല രീതിയിൽ പിന്തുടരുന്ന താരം കൂടിയാണ് ടൊവിനോ. സിനിമയുടെ പ്രൊമോഷനുകൾക്കു മറ്റും എത്തുമ്പോൾ ടൊവിനോ ധരിക്കുന്ന വസ്ത്രങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. മിന്നല്‍ മുരളി, 2018 എന്നീ സിനിമകളിലെ അഭിനയം കൊണ്ട് രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാനും അംഗീകാരം നേടാനും താരത്തിന് കഴിഞ്ഞു. അഭിമുഖങ്ങളില്‍ തന്റെ നിലപാടുകള്‍ തുറന്നു പറയാറുണ്ട് താരം. ഇപ്പോഴിതാ യൂട്യൂബ് ചാനലുകളില്‍ ചില ഹെഡ്ഡിംഗുകള്‍ മോശമായി വരുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം.

‘‘പലപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ വരുന്ന വാര്‍ത്തകളിലെ ഹെഡ്ഡിംഗ് ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഞാനടക്കമുള്ളവരുടെ വാര്‍ത്തകള്‍ക്ക് വരുന്ന തലക്കെട്ടുകള്‍ ചിലപ്പോള്‍ കൊനഷ്ടായിരിക്കും. ആ തലക്കെട്ട് കണ്ട് കയറിനോക്കിയാല്‍ അതിനുള്ളില്‍ ഒന്നും കാണില്ല. കൊനഷ്ട് ഹെഡ്ഡിംഗ് കണ്ട് തെറി വിളിച്ചു പോകുന്ന എത്രയോ പേരുണ്ട്. അതില്‍ക്കൂടുതല്‍ അത്ര ഡീറ്റൈയ്ലായി സോഷ്യല്‍ മീഡിയയിലെ ആയുസ്സ് അത്രമാത്രമാണ്. ക്ലിക്ക് ബൈറ്റുകള്‍ വരുന്ന സമയത്ത് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തിനാണ് പോസിറ്റീവായ ഒരു വാര്‍ത്തയ്ക്ക് ഇത്രയും നെഗറ്റീവായ ഒരു ഹെഡ്ഡിംഗ് കൊടുക്കുന്നത്. അതിനെക്കുറിച്ച് വളരെ അടുത്ത ചില മാധ്യമപ്രവര്‍ത്ത​കരോട് സംസാരിച്ചിട്ടുണ്ട്. ‘അത് വായിക്കാന്‍ ആളുള്ളതു കൊണ്ടല്ലേ അങ്ങനെയുള്ള ഹെഡ്ഡിംഗ് കൊടുക്കുന്നത്’ എന്നായിരുന്നു അവരുടെ മറുപടി.

പണ്ട് ഒരു പ്രമുഖ മാധ്യമത്തിന്റെ മേലധികാരി തികച്ചും പോസിറ്റീവായ വാര്‍ത്തകള്‍ മാത്രം ഫ്രണ്ട് പേജില്‍ കൊടുത്തപ്പോള്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുത്തനെ ഇടിഞ്ഞതായും ഒരു ഐതീഹ്യം കേട്ടിട്ടുണ്ട്. ഏതായാലും എന്റെ മാധ്യമസുഹൃത്ത് വായിക്കാന്‍ ആളുകളുള്ളതു കൊണ്ടാണെന്ന് പറഞ്ഞപ്പോള്‍ അത് ഞാനുള്‍​പ്പടെയുള്ള ആളുകള്‍ക്ക് നേരെയാണല്ലോ വിരല്‍ ചൂണ്ടുന്നത് എന്ന് തോന്നി. ഈ വിരല്‍ ചൂണ്ടല്‍ വന്നതിനു ശേഷം കൊനഷ്ട് ഹെഡ്ഡിംഗുള്ള വാര്‍ത്തകള്‍ വന്നാൽ തുറക്കാൻ സൗകര്യമില്ല എന്നൊരു ആറ്റിട്യൂഡായി എനിക്ക്. ഞാനടക്കമുള്ളവരുടെ വാര്‍ത്തകള്‍ വന്നതിനു ശേഷമായിരുന്നു ഈ തീരുമാനം. ഇത്തരം വാര്‍ത്ത കൊടുക്കുന്നവര്‍ക്ക് എന്റെ ഒരു വ്യൂ വേണ്ട… എന്റെ ക്ലിക്ക് തരില്ല എന്ന തീരുമാനമെടുത്തു. പോസറ്റീവ് ഹെഡ്ഡിംഗ് കൊടുക്കുന്ന വാർത്തകളിലേക്ക് മാത്രമേ ഞാൻ എന്റെ വ്യൂ കൊടുക്കൂ എന്നായി എന്റെ തീരുമാനം. എല്ലാവരും അങ്ങനെ തീരുമാനിക്കണം എന്നില്ല….’’ ടൊവിനോ പറയുന്നു.