ഹസ്തരേഖാ ശാസ്ത്രം കൈരേഖ നോക്കി ഒരാളുടെ സ്വഭാവവും ഭാവിയും പ്രവചിക്കുംപോലെ ഒരു വ്യക്തിയുടെ കാല് നോക്കിയാലും സ്വഭാവം നിര്‍ണയിക്കാനായി സാധിക്കുമെന്ന് ലക്ഷണശാസ്ത്രം പറയുന്നു. സൗഹൃദങ്ങള്‍, കഴിവുകള്‍ എന്നിവയെല്ലാം കാല്‍പാദത്തിലെ വിരലുകളുടെ നീളവും ആകൃതിയും നോക്കി അറിയാന്‍ സാധിക്കും.
കാലിലെ മറ്റ് വിരലുകളെക്കാള്‍ നീളം തള്ളവിരലിനുണ്ടെങ്കില് ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും അവര്‍. ഇവരുടെ പക്കല്‍ ഏത് പ്രശ്നത്തിനും പരിഹാരം ഉണ്ടാകും. സര്‍ഗാത്മക കഴിവുകളാല്‍ സമ്പന്നരായിരിക്കും. വസ്തുതകള്‍ പല വീക്ഷണ കോണുകളിലും നോക്കി കാണാനായി ഇക്കൂട്ടര്‍ക്ക് സാധിക്കും. തള്ളവിരല്‍ മറ്റ് വിരലുകളെക്കാള്‍ ചെറുതാണെങ്കില്‍ ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാനായി കഴിവുള്ളവരാണ്.
രണ്ടാമത്തെ വിരല്‍ മറ്റ് വിരലുകളെക്കാൾ നീളം കൂടുതലാണെങ്കില്‍ മറ്റുള്ളവരെ നയിക്കാനായി മിടുക്കരാണ്. സ്ത്രീകളില്‍ രണ്ടാമത്തെ വിരല്‍ വലുതാണെങ്കില്‍ അവര്‍ ഭര്ത്താക്കാന്മാരെ അനുസരിക്കാനായി മടിയുള്ളവരായിരിക്കും മുന്‍കോപികളും തന്റേടമുള്ളവരുമായിരിക്കും. കാലിലെ രണ്ടാമത്തെ വരിലിന് നീളം കുറഞ്ഞാല്‍ ഇക്കൂട്ടരെ എളുപ്പത്തില്‍ സ്വാധീനിക്കാനായി സാധിക്കും.സമാധാനം ആഗ്രഹിക്കുന്നവരാണവര്‍.
കാലിലെ മൂന്നാമത്തെ വിരല്‍ മറ്റ് വിരലുകളെക്കാൾ നീളകൂടുതലാണെങ്കില് ജോലിയില്‍ സാമര്ഥ്യമുള്ളവരായിരിക്കും. ഉറച്ച തീരുമാനവും ഉത്സാഹികളുമായിരിക്കും. മൂന്നാമത്തെ വിരലിന് നീളം കുറവാണെങ്കില്‍ ജീവിതം ആസ്വദിക്കുന്നവരായിരിക്കും.
കാലിലെ നാലാമത്തെ വിരലാണ് നീളം കൂടിയതെങ്കില്‍ കുടുംബത്തിന് പ്രധാന്യം കൊടുക്കുന്നവരായിരിക്കും. ഈ വിരല്‍ ചുരുണ്ടുകൂടിയിരുന്നാല്‍ ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കില്ല. നല്ല കേള്‍വിക്കാരായിരിക്കും. ഇനി നാലാമത്തെ വിരല്‍ ചെറുതാണെങ്കില്‍ കുടുംബത്തിനും ബന്ധങ്ങള്‍ക്കും വില നല്‍കാത്തവരായിരിക്കും. വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടതായിവരും.
ചെറുവിരല്‍ നാലാമത്തെ വിരലില്‍ നിന്ന് മാറി കാണപ്പെട്ടാല്‍ ആവേശമുള്ളവരും സാഹസപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ചെറുവിരല്‍ നാലാമത്തെ വിരലിനോട് ചേര്‍ന്നിരുന്നാല്‍ ഇവര്‍ വിശ്വസ്തരായിരിക്കും. വളഞ്ഞകാല്‍ വിരലുകള്‍ ഉള്ളവര്‍ സ്വയം പ്രാപ്തിയുള്ളവരും സാമ്പത്തികമായി സ്വതന്ത്രരുമായിരിക്കും.
ആരോഹണക്രമത്തിലാണ് കാല് വിരലുകളെങ്കില്‍ പ്രായോഗികതയുള്ള വ്യക്തിയായിരിക്കും. കൃത്യനിഷ്ഠയുള്ള ജോലിക്കാരുമായിരിക്കും.
പരന്ന പാദമാണെങ്കില് അധ്വാനശീലരായിരിക്കും. നീണ്ടുമെലിഞ്ഞ പാദങ്ങളുള്ളവരാണെങ്കില് അലസരായി ജീവിക്കുന്നവരായിരിക്കും. സൗന്ദര്യബോധമുള്ളവരായിരിക്കും.