Celebrity

ജോര്‍ജ്ജീനയുമായി രഹസ്യവിവാഹം കഴിച്ചോ? ക്രിസ്ത്യാനോ റൊണാള്‍ഡോ പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?


ചാംപ്യന്‍ഫുട്ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളി ജോര്‍ജ്ജീന റോഡ്രിഗ്രസും അവരുടെ മക്കളും എല്ലാക്കാലത്തും ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. സൂപ്പര്‍താരത്തിന്റെ ദീര്‍ഘകാല പങ്കാളി ജോര്‍ജ്ജീന താരത്തിന് നല്‍കുന്ന പിന്തുണയാണ് എല്ലാ ലീഗിലും വമ്പന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സൂപ്പര്‍താരത്തിന് കഴിയുന്ന പ്രധാന ഘടകവും.

നിലവില്‍ സൗദി അറേബ്യയിലുള്ള ദമ്പതികള്‍ ലിവിംഗ് ടുഗദര്‍ വിട്ട് ഔദ്യോഗികമായി വിവാഹിതരായോ എന്ന തരത്തില്‍ ഒരു സംശയത്തിലാണ് പാശ്ചാത്യ മാധ്യമങ്ങള്‍. ക്രിസ്ത്യാനോ റൊണാള്‍ഡോ ജോര്‍ജ്ജീനയെ ‘ഭാര്യ’ എന്ന് വിശേഷിപ്പിക്കുന്നത് പതിവായതോടെ ഇരുവരും രഹസ്യമായി വിവാഹിതരായി എന്നാണ് അഭ്യൂഹങ്ങള്‍. ഇരുവരും ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തന്റെ പരാമര്‍ശത്തില്‍ ഉടനീളം ക്രിസ്ത്യാനോ 30 കാരിയെ പത്നി എന്നാണ് പറയുന്നത്.

ദുബായില്‍ നടന്ന 2024 ലെ ഗ്ലോബ് സോക്കര്‍ അവാര്‍ഡില്‍ ദമ്പതികള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. മികച്ച ഗോള്‍ സ്‌കോറര്‍ എന്ന നിലയില്‍ സമര്‍പ്പിക്കപ്പെട്ട തന്റെ രണ്ടാമത്തെ അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ 39 കാരന്‍ ക്രിസ്ത്യാനോയുടെ പ്രസംഗം മാധ്യമങ്ങള്‍ ശ്രദ്ധിച്ചിരുന്നു. പ്രസംഗത്തില്‍ ജോര്‍ജിനയെക്കുറിച്ച് ക്രിസ്ത്യാനോ പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ സ്‌കാന്‍ ചെയ്യുകയാണ്.

”ഈ ട്രോഫി നേടിയതില്‍ വലിയ സന്തോഷമുണ്ട്. എന്റെ മൂത്ത മകന്‍ ഇവിടെയുണ്ട്. എന്റെ ഭാര്യ ജോര്‍ജിന ഇവിടെയുണ്ട്. കളി തുടരാന്‍ എല്ലായ്‌പ്പോഴും അവര്‍ എന്റെ ഏറ്റവും വലിയ പിന്തുണയാണ്. ഒരു മാസത്തിനുള്ളില്‍ എനിക്ക് 40 വയസ്സ് തികയും, എനിക്ക് കിരീടങ്ങള്‍ നേടണം, എനിക്ക് ചാമ്പ്യനാകണം, കൂടുതല്‍ ഗോളുകള്‍ നേടണം, ദേശീയ ടീമിനായി കപ്പുയര്‍ത്താന്‍ ശ്രമിക്കണം.” ക്രിസ്ത്യാനോ പറഞ്ഞു. 39 കാരനായ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കറും 30 കാരിയായ ജോര്‍ജിനയുമായി 2016 മുതല്‍ ഡേറ്റിംഗ് നടത്തുന്നു, അവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ക്രിസ്ത്യാനോയുടെ മറ്റ് മൂന്ന് മക്കളുടെ രണ്ടാനമ്മ കൂടിയാണ് ജോര്‍ജിന.

റൊണാള്‍ഡോ ജോര്‍ജിനയെ തന്റെ ഭാര്യയായി പരാമര്‍ശിക്കുന്നത് ഇതാദ്യമല്ല, ഓഗസ്റ്റ് അവസാനത്തില്‍ തന്റെ പുതിയ യൂട്യൂബ് ചാനലില്‍ ഫുട്ബോള്‍ താരം പ്രസിദ്ധീകരിച്ച മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ഗെയിമില്‍, റൊണാള്‍ഡോ ജോര്‍ജ്ജീനയെ തന്റെ ‘ഭാര്യ’ എന്ന് വിശേഷിപ്പിച്ചു. അതേ വീഡിയോയില്‍, ദമ്പതികള്‍ വിവാഹ മോതിരം ധരിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടതും. എന്നാല്‍ ഇരുവരും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

തന്റെ പ്രഭാത ദിനചര്യയെക്കുറിച്ച് സംസാരിക്കുന്ന മറ്റൊരു വീഡിയോയിലും ക്രിസ്ത്യാനോ ജോര്‍ജിനയെ ഭാര്യ എന്ന് വിളിക്കുന്നു. പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: ”എന്റെ ബഡ്കോഫി കുടിച്ചുകൊണ്ടാണ് ഞാന്‍ എന്റെ ദിവസം ആരംഭിക്കുന്നത്. ഇത് എന്റെ പതിവാണ്. രാവിലെ, ഞാന്‍ എന്റെ കാപ്പി എടുത്ത്, എന്റെ കുട്ടികളുമായി, എന്റെ ഭാര്യയുമായി സംസാരിച്ചു ദിനം തുടങ്ങുന്നു.”

Leave a Reply

Your email address will not be published. Required fields are marked *