Sports

ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ വീണത് എട്ടു വിക്കറ്റ്; ആറുപേര്‍ ഡക്കായി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ നാണംകെട്ടു

കേവലം ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ എട്ടു വിക്കറ്റുകള്‍ വീഴുക. അതില്‍ ആറു പേര്‍ പൂജ്യത്തിന് പുറത്താകുക. ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കളിക്ക് ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല. നിലവിലെ ഏകദിന ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ടീമിനായിരുന്നു ഈ ദുര്‍വ്വിധി.

ടാന്‍സ്മാനിയയ്ക്ക് എതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ 2-ന് 52 എന്ന നിലയില്‍ നിന്നാണ് 28 പന്തില്‍ എട്ട് വിക്കറ്റ് നഷ്ടം നേരിട്ടത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ഏകദിന കപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം സ്‌കോറാണിത്. ഓസ്ട്രേലിയന്‍ വൈറ്റ് ബോള്‍ പ്രതീക്ഷകളായ ഹില്‍ട്ടണ്‍ കാര്‍ട്ട്റൈറ്റ്, കൂപ്പര്‍ കനോലി, ആഷ്ടണ്‍ ടര്‍ണര്‍, ആഷ്ടണ്‍ അഗര്‍, ജേ റിച്ചാര്‍ഡ്സണ്‍, ജോയല്‍ പാരീസ് എന്നിവരുള്‍പ്പെടെ ആറ് വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ ഡക്കിന് പുറത്തായി.

വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസാണ് ഒരു റണ്‍ കി്ട്ടിയ ആ ഭാഗ്യവാന്‍. 22 റണ്‍സുമായി ഡി ആര്‍സി ഷോര്‍ട്ട് ആതിഥേയരുടെ ടോപ് സ്‌കോററായി. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം. ടാസ്മാനിയയ്ക്ക് വേണ്ടി ബ്യൂ വെബ്സ്റ്റര്‍ 17ന് 6 വിക്കറ്റ് വീഴ്ത്തി, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ്. ബില്ലി സ്റ്റാന്‍ലെക്ക് (3/17) മികച്ച പിന്തുണ നല്‍കി. മിതമായ ലക്ഷ്യം പിന്തുടര്‍ന്ന ടാസ്മാനിയ ഒമ്പത് ഓവറുകള്‍ക്കുള്ളില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയിച്ചു. 2003 ല്‍ സൗത്ത് ഓസ്ട്രേലിയ 51 ന് പുറത്തായതാണ് ഓസ്ട്രേലിയന്‍ ആഭ്യന്തര ഏകദിന കപ്പിലെ കുറഞ്ഞ സ്‌കോര്‍.