റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പേ ഇന്ത്യക്ക് ‘പുഷ്‌പക വിമാനം’ ഉണ്ടായിരുന്നെന്ന് ബി.ജെ.പി. നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍. ഹനുമാനെ ആദ്യ ബഹിരാകാശ സഞ്ചാരിയായി കണക്കാക്കാമെന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് ചൗഹാനും സമാന അഭിപ്രായപ്രകടനം നടത്തിയത്.
ഭോപ്പാലില്‍ 25നു നടന്ന ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (ഐ.ഐ.എസ്.ഇ.ആര്‍.) ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ചൗഹാന്‍. ഇന്ത്യയുടെ ഇതിഹാസങ്ങളെയും ചരിത്രത്തെയും വാനോളം പ്രശംസിച്ചായിരുന്നു 25 മിനിട്ടോളം നീണ്ട ചൗഹാന്റെ ഹിന്ദിയിലുള്ള പ്രസംഗം. ലോകം ഇരുട്ടിലായിരുന്നപ്പോള്‍ ഇന്ത്യ വെളിച്ചം നല്‍കി. നമ്മുടെ ശാസ്‌ത്ര-സാങ്കേതിക വിദ്യ ഇതരരാജ്യങ്ങളിലേതിനേക്കാള്‍ വളരെയേറെ പുരോഗമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിനിടയിലായിരുന്നു പുഷ്‌പക വിമാനത്തെക്കുറിച്ചുള്ള പരാമര്‍ശം.
1903 ല്‍ വില്‍ബര്‍ റൈറ്റും ഓര്‍വില്‍ റൈറ്റും വിമാനം കണ്ടുപിടിക്കുന്നതിനു വളരെ മുമ്പേ നമുക്കിവിടെ പുഷ്‌പക വിമാനം ഉണ്ടായിരുന്നെന്നായിരുന്നു വിശദീകരണം.
”ഇന്നു നിലവിലുള്ള ഡ്രോണുകളും മിസൈലുകളും ആയിരക്കണക്കിനു വര്‍ഷങ്ങളായി രാജ്യത്തോടൊപ്പമുണ്ട്. നമ്മള്‍ ഇത് മഹാഭാരതത്തില്‍ വായിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ ശാസ്‌ത്ര സാങ്കേതിക വിദ്യ സഹസ്രാബ്‌ദങ്ങള്‍ക്കു മുമ്പ് വികസിപ്പിച്ചെടുത്തതാണ്.” അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കേര്‍പ്പെടുത്തിയ തീരുവകള്‍ക്കെതിരേ രാജ്യത്ത് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ പാരമ്പര്യത്തിലൂന്നിയുള്ള കേന്ദ്രമന്ത്രിയുടെ പ്രസംഗം. രാജ്യത്തിന്റെ സാമ്പത്തിക വികസനം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം കര്‍ഷകരുടെ താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. പ്രസംഗം ഏകദേശം 24 മിനിറ്റ് നീണ്ടുനിന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ 2023 ലും ചൗഹാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. രാമായണത്തില്‍ പറയുന്ന പുഷ്‌പക വിമാനം 7000 വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടുപിടിച്ചതാണെന്നു വാദിക്കുന്ന ദൃശ്യം മാധ്യമങ്ങളില്‍ വന്നിരുന്നു. പാശ്‌ചാത്യ രാജ്യങ്ങള്‍ ശാസ്‌ത്രവുമായി ബന്ധപ്പെട്ടത് വളരെ വൈകിയാണെന്നും അക്കാലത്തു ചൗഹാന്‍ പറഞ്ഞു. പാശ്‌ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ ശാസ്‌ത്രപാഠങ്ങള്‍ പഠിപ്പിച്ചു എന്ന ആശയമാണ് അദ്ദേഹം തള്ളിക്കളയുന്നത്. ജോണ്‍ ഡാല്‍ട്ടണ്‍ ആറ്റോമിക് സിദ്ധാന്തം കണ്ടെത്തുന്നതിനു 2000 വര്‍ഷം മുമ്പ് മഹര്‍ഷി കണാദന്‍ തന്റെ ആറ്റോമിക് സിദ്ധാന്തം അവതരിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.




