Healthy Food

തലച്ചോറിനും വേണം പോഷകങ്ങൾ; കഴിക്കുന്നതെന്തോ അതാണ് നാം, മൈൻഡ്‌ഫുൾ ഈറ്റിങ് ശീലമാക്കാം

നല്ല ശീലങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിയ്ക്കുകയുള്ളൂ. തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. നാം തലച്ചോര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഉറങ്ങുമ്പോള്‍ പോലും നമ്മുടെ ചിന്തകളെയും ചലനങ്ങളെയും ശ്വസനം, ഹൃദയമിടിപ്പ്, ഇന്ദ്രിയങ്ങള്‍ ഇവയെല്ലാം നിലനിര്‍ത്താന്‍ തലച്ചോര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ സമയവും തലച്ചോറിന് പോഷകങ്ങളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഈ പോഷകങ്ങള്‍ ലഭിക്കുന്നത്. എന്താണ് കഴിക്കുന്നത് എന്നത് പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

* പിന്തുടരാം, മൈന്‍ഡ്ഫുള്‍ ഈറ്റിങ് – ഭക്ഷണം പതിയെ ആസ്വദിച്ച് കഴിക്കുമ്പോള്‍ പാരാസിംപതറ്റിക് നാഡീവ്യവസ്ഥ ഉദ്ദീപിപ്പിക്കപ്പെടും. ശാന്തിയും വിശ്രാന്തിയും അനുഭവപ്പെടും. വളരെ സാവധാനം ശ്രദ്ധയോടെ ഭക്ഷണം ചവച്ചു കഴിക്കണം. മൈന്‍ഡ്ഫുള്‍ ഈറ്റിങ് പരിശീലിക്കുമ്പോള്‍ ശരീരം തരുന്ന സൂചനകള്‍ ശ്രദ്ധിക്കുന്നതു മൂലം വിശപ്പും വയര്‍ നിറയുന്നതുമെല്ലാം മനസ്സിലാക്കാന്‍ സാധിക്കും.

* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക – രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വരുന്ന മാറ്റങ്ങള്‍, ന്യൂറോട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തും. ഇത് സ്‌ട്രെസ് റെസ്‌പോണ്‍സ് വര്‍ധിപ്പിക്കുകയും ഇന്‍ഫ്‌ലമേഷന്‍ കൂട്ടുകയും ചെയ്യും. അതുകൊണ്ട് ഒരു സമീകൃതഭക്ഷണം കഴിക്കണം. നാരുകള്‍ ധാരാളമുള്ള അന്നജവും പ്രോട്ടീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

* കുടലിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കണം – അതിനായി ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ബെറിപ്പഴങ്ങള്‍, ഇലക്കറികള്‍, കോരമത്സ്യം, ഒലിവ് ഓയില്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കണം.

* ഉദരത്തില്‍ നല്ല ബാക്ടീരിയകള്‍ വേണം – ഉദരത്തിലെ സൂക്ഷ്മാണുക്കള്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ സിന്തസിസിനെ സ്വാധീനിക്കുകയും പ്രീബയോട്ടിക് ഭക്ഷണങ്ങളായ ഉള്ളി, ആപ്പിള്‍, വാഴപ്പഴം ഇവയോടൊപ്പം പ്രോബയോട്ടിക് ഭക്ഷണമായ യോഗര്‍ട്ടും ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തണം.

* വേഗസ് നാഡിയെ പോഷിപ്പിക്കുന്ന ഭക്ഷണങ്ങള്‍ – കോളിന്‍, ബി12, ഒമേഗ 3, പ്രോബയോട്ടിക്‌സ്, പോളിഫിനോളുകള്‍ ഇവയെല്ലാം ശരീരത്തിന് നല്‍കണം. മത്സ്യം, ഇറച്ചി ഇവയില്‍ നിന്ന് ബി12, മുട്ട, കരള്‍ ഇവയില്‍ നിന്ന് കോളിന്‍, കൊഴുപ്പുള്ള മത്സ്യങ്ങളില്‍ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡ്, യോഗര്‍ട്ട്, കെഫിര്‍ എന്നിവയില്‍ നിന്ന് പ്രോബയോട്ടിക്‌സ്, ബെറിപ്പഴങ്ങള്‍, ഗ്രീന്‍ ടീ ഇവയില്‍ നിന്ന് പോളിഫിനോളുകള്‍ എന്നിവ ലഭിക്കും.