കേരളത്തിൽ ഇപ്പോൾ മാമ്പഴ സീസണാണ്. മലയാളികളുടെ ഇഷ്ട പഴങ്ങളിൽ ഒന്നായ മാങ്ങക്ക് രാജ്യത്തുടനീളം നിരവധി ആരാധകരാണുള്ളത്. പച്ച മാങ്ങയായാലും പഴുത്ത മാങ്ങയായാലും ആളുകൾക്ക് പ്രിയപ്പെട്ടത് തന്നെ. കേക്ക്, പുഡ്ഡിംഗ് തുടങ്ങിയ പലഹാരങ്ങൾ മുതൽ ലസ്സി, ജ്യൂസ്, ഐസ്ക്രീം വരെ മാമ്പഴം വേനൽക്കാലത്തെ പ്രധാന ഭക്ഷണമാണ്. എങ്കിലും മാങ്കോ ജ്യൂസ് തന്നെയാണ് മുൻപന്തിയിൽ.
ചൂടിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണെങ്കിലും യഥാർത്ഥത്തിൽ മാങ്കോ ജ്യൂസ് എങ്ങനെ ഉണ്ടാക്കിയെടുക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗുജറാത്തിലെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നിൽ മാമ്പഴ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്നതിന്റെ പിന്നാമ്പുറ കാഴ്ചയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായികൊണ്ടിരിക്കുന്നത്. വീഡിയോ കണ്ട് പലരും അമ്പരന്നിരിക്കുകയാണ്.
വീഡിയോയുടെ തുടക്കത്തിൽ രണ്ട് തൊഴിലാളികൾ നൂറു കണക്കിന് മാമ്പഴങ്ങൾ കഴുകുന്നതാണ് കാണുന്നത്. കഴുകിയ ശേഷം, മാമ്പഴം തൊലി കളഞ്ഞ് പിഴിഞ്ഞെടുക്കുന്ന ഒരു യന്ത്രത്തിലേക്ക് മാറ്റുന്നു. തൊലികൾ നീക്കം ചെയ്ത് പ്രത്യേകം മാറ്റുമ്പോൾ പൾപ്പ് വേർതിരിച്ചെടുക്കപ്പെടുന്നു. തുടർന്ന് സ്റ്റിക്കി അവശിഷ്ടങ്ങൾ നീക്കം ചെയ്ത്, മാമ്പഴത്തിന്റെ പൾപ്പ് പ്രത്യേകം രൂപകല്പന ചെയ്ത കുഴലുകളിലൂടെ മിക്സറിലേക്ക് എത്തിക്കുന്നു. ഇവിടെ, പൾപ്പ് ഇളക്കി ജ്യൂസ് രൂപത്തിലാക്കുന്നു. ഒടുവിൽ ജ്യൂസ് ജാറുകളിലേക്ക് ശേഖരിക്കപ്പെടുകയും, വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു. വ്യത്യസ്‌ത ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ വലുപ്പത്തിലും ആകൃതിയിലും ജ്യൂസ് പാക്ക് ചെയ്യുന്നു.
എന്നാല്‍ തൊലി കളയുംമുമ്പ് കഴുകിയെടുക്കുന്ന മാമ്പഴങ്ങളില്‍ ചിലത് കേടാണെന്ന് ശ്രദ്ധിച്ചു വീഡിയോ കണ്ടാല്‍ മനസിലാകും. ഇതാണ് നെറ്റിസണ്‍സിനെ ചൊടിപ്പിച്ചത്. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്.
ഒരു ഉപയോക്താവ് “കേടായ മാമ്പഴങ്ങളും അതേ മിശ്രിതത്തിൽ ചേര്‍ത്തതാണ്” എന്നാണ് കുറിച്ചത്. മറ്റൊരാൾ , “മോശം മാമ്പഴങ്ങൾ കണ്ടത് ഞാൻ മാത്രമാണോ അതോ മറ്റെല്ലാവരും കണ്ടോ?” എന്ന് ചോദിച്ചു. ഇതിനു മറുപടിയായി ഒരാൾ ഞാനും കണ്ടു എന്ന് കുറിച്ചു.