Featured Good News

ദുബായിൽ റോൾസ് റോയ്സ് പറത്തി 72-കാരി കേരളത്തിന്റെ ‘ഡ്രൈവർ അമ്മ’; മണിയമ്മയുടെ വീഡിയോ വൈറൽ

വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലെ താരമാണ് മലയാളിയായ 72-കാരി മണിയമ്മ. വാഹനം ഏതുമാകട്ടെ വളയം മണിയമ്മയുടെ കൈകളിൽ ഭദ്രമാണ്. അതുകൊണ്ടുതന്നെ വാഹനപ്രേമികൾ അവർക്കൊരു പേര് നൽകി, ‘ ദ ഡ്രൈവർ അമ്മ’. ക്രെയിനും ജെസിബിയും ടാങ്കര്‍ ലോറികളും ഉൾപ്പടെയുള്ള വാഹനങ്ങള്‍ ഓടിച്ച് സാമൂഹികമാധ്യമങ്ങളിൽ തരം​ഗമായ മണിയമ്മ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. ഇത്തവണ ദുബായിലെ റോഡുകളാണ് അവരുടെ ഡ്രൈവിങ്ങിന് സാക്ഷ്യംവഹിച്ചത്. ഓടിച്ചതാകട്ടെ സാക്ഷാൽ റോൾസ് റോയ്സ് ഗോസ്റ്റ്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയിൽ ആഡംബര കാർ ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’യുടെ ആത്മവിശ്വാസം കാഴ്ചക്കാരെ ആകർഷിക്കുന്നു. പരമ്പരാഗതമായ സാരി ധരിച്ചാണ് അവർ ഈ ഹൈ-എൻഡ് കാർ ഓടിക്കുന്നത്.

‘ഡ്രൈവർ അമ്മ’ എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന മണി അമ്മ, തന്റെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് അവർ ഒരു വെള്ള റോൾസ് റോയ്‌സ് ഗോസ്റ്റിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് ആത്മവിശ്വാസത്തോടെ നഗരത്തിലൂടെ ഓടിക്കുന്നു. പ്രായം ഒരു വിഷയമല്ലാത്ത മണി അമ്മയുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ നിരവധി ആളുകൾ പ്രശംസിച്ചു.

മണി അമ്മയ്ക്ക് 11 തരം വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസുണ്ട്. കേരളത്തിൽ ഒരു ഡ്രൈവിംഗ് സ്കൂളും അവർ നടത്തുന്നുണ്ട്. ഹൈ-എൻഡ് കാറുകൾ മുതൽ എക്‌സ്‌കവേറ്ററുകൾ, ഫോർക്ക്‌ലിഫ്റ്റുകൾ, ക്രെയിനുകൾ, റോഡ് റോളറുകൾ, ട്രാക്ടറുകൾ, ബസുകൾ തുടങ്ങിയ ഹെവി വാഹനങ്ങൾ വരെ ഓടിക്കുന്നതിൻ്റെ വീഡിയോകൾ അവർ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്.

വീഡിയോ ഇതിനകം 13 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഏത് പ്രായത്തിലും ജീവിതം പൂർണമായി ജീവിക്കാൻ പ്രചോദനം നൽകുന്ന വ്യക്തിയെന്ന് പലരും അവരെ വിശേഷിപ്പിച്ചു. ഒരുപക്ഷേ ലോകത്തിലെ എല്ലാ തരം വാഹനങ്ങളും ഓടിക്കാൻ സാധുവായ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുള്ള ഏറ്റവും പ്രായം കൂടിയ വനിത ഇവരായിരിക്കും എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിനെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചു.

‘ദി ബെറ്റർ ഇന്ത്യ’യുടെ റിപ്പോർട്ട് അനുസരിച്ച്, സ്ത്രീകൾക്ക് ഡ്രൈവിംഗ് സാധാരണമാല്ലാത്ത ഒരു കാലത്താണ് മണി അമ്മ ഡ്രൈവിംഗ് ആരംഭിച്ചത്. 1978-ൽ ഒരു ഡ്രൈവിംഗ് സ്കൂൾ തുടങ്ങിയ അവരുടെ ഭർത്താവാണ് ഇതിന് പ്രോത്സാഹനം നൽകിയത്. കാറുകൾക്ക് പുറമെ ക്രെയിനുകൾ, ട്രെയിലറുകൾ, ഫോർക്ക്‌ലിഫ്റ്റുകൾ, ജെ.സി.ബി. എന്നിവയും അവർ പഠിച്ചു. 2004-ൽ ഭർത്താവിന്റെ മരണശേഷം കുടുംബം പുലർത്താൻ അവർ ഡ്രൈവിംഗ് സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.

കഴിഞ്ഞ വർഷം, ആനന്ദ് മഹീന്ദ്ര അവരുടെ കഥ എക്സിൽ പങ്കുവെച്ചപ്പോൾ മണി അമ്മ ശ്രദ്ധ നേടിയിരുന്നു. “ജീവിതത്തോടുള്ള അദമ്യമായ ആവേശം… ഒപ്പം സ്വന്തം കാൽപ്പാടുകൾ പതിപ്പിക്കാനുള്ള ആഗ്രഹം. അവർക്ക് പ്രായം ഒരു സംഖ്യ മാത്രമാണ്. അവരാണ് എന്റെ #MondayMotivation,” എന്ന് ആനന്ദ് മഹീന്ദ്ര കുറിച്ചിരുന്നു.