ദിവസേന ശരാശരി 111 മിനിറ്റ് നടക്കുന്ന വ്യക്തികൾക്ക് കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളുള്ളവരെ അപേക്ഷിച്ച് അവരുടെ ആയുസ്സ് 11 വർഷം വരെ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പഠനം. ദിവസത്തിൽ കൂടുതൽ സമയം ഇരിക്കുന്നത് ശരീരഭാരം, ടൈപ്പ് 2 പ്രമേഹം, കാൻസർ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു . ക്വീൻസ്‌ലാന്റ് ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.
ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ. ലെനർട്ട് വീർമാൻ പറയുന്നത് , കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ ആയുസ്സ് നഷ്ടപ്പെടുത്തുമെന്നും
ദിവസവും നടക്കുന്നത് ആയുസ് വർധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നുവെന്നുമാണ്.
യു എസ്സിലെ 40 വയസും അതിന് മുകളിലുള്ളതുമായ 36,000 പേരിലാണ് ആയുസിനെ സംബന്ധിക്കുന്ന ഈ വിശകലനം നടത്തിയത്. ഇതിൽ 25% പേർ ദിവസവും 160 മിനിറ്റ് നടത്തം പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ഏറ്റവും സജീവമായി പ്രവർത്തിച്ചവരിൽ 5.3 വർഷം ആയുർദൈർഘ്യം കൂടിയതായും കണ്ടെത്തി . അതേസമയം 50 മിനിറ്റ് മാത്രം നടന്നവരുടെ ആയുസ്സിൽ 5.8 വർഷത്തെ കുറവുണ്ടായതായും പഠനം വ്യക്തമാക്കുന്നു.
ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഈ പഠനം നടത്തം, സൗഹൃദം , ഹരിത ഇടങ്ങൾ എന്നീ ഘടകങ്ങൾ ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യകരമായ ആയുർദൈർഘ്യം എന്നിവ വർദ്ധിപ്പിക്കുന്നതിന് സഹായകമെന്ന് വിലയിരുത്തുന്നു .
ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം മൂലം യുകെയിൽ പ്രതിവർഷം ഏതാണ്ട് 70,000 മരണങ്ങൾ ഇത്തരത്തിൽ ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്ത് ശാരീരിക നിഷ്‌ക്രിയത്വം പ്രതിവർഷം 2 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നുണ്ട് എന്നാണ് വിലയിരുത്തുന്നത്.