വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ഇത് ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. എന്നാല്‍ എയ്റോബിക് വ്യായാമങ്ങളെക്കുറിച്ചുള്ള സൈക്കോളജി ഓഫ് സ്പോർട്ട് ആൻഡ് എക്സർസൈസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചില പുതിയ വിവരങ്ങൾ പുറത്തുവിട്ടു.
ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഓക്സിജന്റെ അളവ് കൂട്ടുകയും ചെയ്യുന്ന ഒരുതരം ശാരീരിക പ്രവർത്തനമാണ് എയ്റോബിക് വ്യായാമം. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ആഴ്ചയിൽ മൂന്ന് തവണ മിതമായ എയ്റോബിക് വ്യായാമം ചെയ്യുന്നത് എട്ടാമത്തെ ഇന്ദ്രിയമായ ‘ഇന്ററോസെപ്ഷൻ’ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഈ പഠനം പറയുന്നു. എയ്റോബിക് വ്യായാമം മാനസികാവസ്ഥയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം, സ്വന്തം ആരോഗ്യത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാനും ആളുകളെ സഹായിക്കുന്നു.
എന്താണ് ഇന്ററോസെപ്ഷൻ?
കാഴ്ച, കേൾവി, രുചി, ഗന്ധം, സ്പർശം എന്നിവയാണ് സാധാരണയായി അറിയപ്പെടുന്ന അഞ്ച് ഇന്ദ്രിയങ്ങൾ. എന്നാൽ വൈദ്യശാസ്ത്രത്തിൽ ആറാമത്തെയും ഏഴാമത്തെയും ഇന്ദ്രിയങ്ങളുംകൂടി കണക്കാക്കപ്പെടുന്നു. അവ യഥാക്രമം ശരീരത്തിന്റെ സ്ഥാനം (പ്രോപ്രിയോസെപ്ഷൻ), ബാലൻസ് (വെസ്റ്റിബുലാർ സെൻസ്) എന്നിവയാണ്. എട്ടാമത്തേത് ഇന്ററോസെപ്ഷനാണ്. ഹൃദയമിടിപ്പ്, ശ്വാസം, വിശപ്പ്, ദാഹം തുടങ്ങിയ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ആന്തരിക ഇന്ദ്രിയമാണിത്.
ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ ശരീരത്തിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ ഇത് നിങ്ങളെ സഹായിക്കുന്നു. ഈ ആന്തരിക അവബോധം ആരോഗ്യത്തെ നിയന്ത്രിക്കുന്നതിനും മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനും വളരെ നല്ലതാണ്. ഇന്ററോസെപ്ഷൻ കുറവാണെങ്കിൽ ഉത്കണ്ഠ, വിഷാദം, ഭക്ഷണ ക്രമക്കേടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
പഠനത്തിൽ എന്താണ് കണ്ടെത്തിയത്?
ഗവേഷകർ ശാരീരികമായി അധികം സജീവമല്ലാത്ത യുവജനങ്ങളിൽ 12 ആഴ്ച നീണ്ടുനിന്ന ഒരു പഠനം നടത്തി. അവർ പഠനത്തിൽ പങ്കെടുത്തവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു: ആഴ്ചയിൽ മൂന്ന് തവണ സൈക്കിൾ ചവിട്ടുന്ന ഒരു ഗ്രൂപ്പും, സാധാരണ ജീവിതം തുടരുന്ന മറ്റൊരു ഗ്രൂപ്പും.
വ്യായാമ പരിപാടി രണ്ട് ഘട്ടങ്ങളായിട്ടാണ് നടത്തിയത്: ആദ്യത്തെ ആറ് ആഴ്ച മിതമായ വ്യായാമവും, രണ്ടാമത്തെ ആറ് ആഴ്ച തീവ്രമായ വ്യായാമവും. ആദ്യഘട്ടം കഴിഞ്ഞപ്പോൾ, ഗവേഷകർ പങ്കെടുത്തവരോട് അവരുടെ പൾസ് പരിശോധിക്കാതെ ഹൃദയമിടിപ്പ് എണ്ണാൻ ആവശ്യപ്പെട്ടു. അതിന് ശേഷം അവർക്ക് സ്വന്തം ശരീര പ്രവർത്തനങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് മനസ്സിലായി.
നിങ്ങളുടെ ശരീരത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാനും തിരിച്ചറിയാനും സാധിച്ചാൽ, വൈദ്യസഹായം തേടുന്നതിനെക്കുറിച്ച് കൃത്യസമയത്ത് മികച്ച തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. അതിലുപരി, ഇത് വൈകാരിക നിയന്ത്രണത്തെ സഹായിക്കുകയും വിഷാദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു.
വായനക്കാർക്കുള്ള കുറിപ്പ്: ഈ ലേഖനം വിവരങ്ങൾ നൽകുന്നതിന് മാത്രമുള്ളതാണ്, ഇത് ഒരു ഡോക്ടറുടെ ഉപദേശത്തിന് പകരമാവില്ല. ആരോഗ്യപരമായ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ എപ്പോഴും ഡോക്ടറെ സമീപിക്കുക.




