Sports

അടിച്ചു തകർത്ത് വിഷ്ണു വിനോദ്, ബൗണ്ടറി കടന്നത് 14 സിക്സ്! കേരളത്തിനുവേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍

അഹമ്മദാബാദ്‌: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കേരളത്തിനു ജയം. പോണ്ടിച്ചേരിയെ എട്ടു വിക്കറ്റിന്‌ കേരളം കെട്ടുകെട്ടിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌തു പോണ്ടിച്ചേരി ഉയര്‍ത്തിയ 248 റണ്‍ വിജയലക്ഷ്യം വിഷ്‌ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ 29 ഓവറി (126 പന്ത്‌ ബാക്കിനില്‍ക്കെ)ല്‍ കേരളം മറികടന്നു. 84 പന്തില്‍ 162 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്‌ണുവാണ്‌ വിജയശില്‍പിയും കളിയിലെ കേമനും. വിജയ്‌ ഹസാരെ ട്രോഫിയില്‍ കേരളത്തിനായി ഒരുമത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (14) എന്ന നേട്ടവും വിഷ്‌ണു സ്വന്തമാക്കി.

ടൂര്‍ണമെന്റിലെ എക്കാലത്തെയും സിക്‌സര്‍ വേട്ട (56 കളിയില്‍ 92 സിക്‌സ്)ക്കാരില്‍ മൂന്നാമനാണ്‌ താരം. 103 മത്സരത്തില്‍ 108 സിക്‌സുമായി മനീഷ്‌ പാണ്ഡെ ഒന്നാമതും 57 കളിയില്‍ 105 സിക്‌സുമായി ഋതുരാജ്‌ ഗെയ്‌ക്ക്വാദ്‌ രണ്ടാമതുമുണ്ട്‌. ഓപ്പണര്‍മാരായ സഞ്‌ജു സാംസണ്‍ 11 റണ്ണിലും നായകന്‍ രോഹന്‍ കുന്നുമ്മല്‍ എട്ടുറണ്ണിലും കൂടാരം കയറിയത്‌ കേരളത്തെ ആശങ്കയിലാക്കിയിരുന്നു. 4.3 ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍ മാത്രമെത്തിയപ്പോഴായിരുന്നു ഇരുവരുടെയും മടക്കം. എന്നാല്‍ തകര്‍പ്പന്‍ ഫോമിലുള്ള ബാബാ അപരാജിതും വിഷ്‌ണു വിനോദും ചേര്‍ന്ന്‌ ബൗളര്‍മാരെ അടിച്ചുപരത്തി ജയം കൈക്കലാക്കി. 148 പന്തില്‍ പുറത്താകാതെ 222 റണ്ണാണ്‌ കൂട്ടുകെട്ടില്‍ പിറന്നത്‌. ആറുകളിയില്‍ കേരളത്തിന്റെ നാലാം ജയമായിരുന്നു ഇന്നലത്തേത്‌.

സ്‌കോര്‍ ചുരുക്കത്തില്‍: പോണ്ടിച്ചേരി: 47.4 ഓവറില്‍ 247ന്‌ എല്ലാവരും പുറത്ത്‌, കേരളം: 29 ഓവറില്‍ രണ്ടിന്‌ 252. ഇതോടെ ഗ്രൂപ്പ്‌ എയില്‍ കര്‍ണാടക (24 പോയിന്റ്‌) യ്‌ക്കു പിന്നില്‍ 16 പോയിന്റുമായി കേരളം രണ്ടാമതെത്തി. ഝാര്‍ഖണ്ഡ്‌, മധ്യപ്രദേശ്‌ ടീമുകള്‍ക്കും ഇതേ പോയിന്റാണെങ്കിലും മികച്ച നെറ്റ്‌ റണ്‍റേറ്റാണ്‌ കേരളത്തിനു തുണയായത്‌.
ടോസ്‌ നേടിയ കേരള ക്യാപ്‌റ്റന്‍ രോഹന്‍ കുന്നുമ്മല്‍ ഫീല്‍ഡിങ്‌ തെരഞ്ഞെടുത്തു. ആദ്യ ഏഴു ബാറ്റര്‍മാര്‍ക്കും തരക്കേടില്ലാത്ത തുടക്കം ലഭിച്ചതോടെ പോണ്ടിച്ചേരി മികച്ച സ്‌കോറിലെത്തുമെന്ന പ്രതീതിയുണര്‍ത്തി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച എം.ഡി. നിധീഷിന്റെ ഉജ്വല ബൗളിങ്ങിലൂടെ കേരളം പിടിച്ചുകെട്ടുകയായിരുന്നു.
6.3 ഓവറില്‍ 34 റണ്‍ പിറന്നപ്പോള്‍ പോണ്ടിച്ചേരിക്ക്‌ ആദ്യവിക്കറ്റ്‌ നഷ്‌ടമായി. 25 റണ്ണെടുത്ത നെയാന്‍ ശ്യാം കങ്കയാനെ എം.ഡി. നിധീഷിന്റെ പന്തില്‍ സഞ്‌ജു സാംസണ്‍ പിടികൂടി. തുടര്‍ന്നെത്തിയ ജസ്വന്ത്‌ ശ്രീരാമും അജയ്‌ റൊഹേരയും ചേര്‍ന്ന്‌ 70 പന്തില്‍ 81 റണ്‍ കൂട്ടിച്ചേര്‍ത്തതോടെ കളി വീണ്ടും പോണ്ടിച്ചേരിയുടെ വരുതിയിലായി. അര്‍ധസെഞ്ചുറി കടന്നതിനു പിന്നാലെ വിക്കറ്റ്‌ കീപ്പര്‍ കൂടിയായ റൊഹേരുടെ കുറ്റി അങ്കിത്‌ ശര്‍മ പിഴുതു. 58 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെ 53 റണ്ണായിരുന്നു റൊഹേരയുടെ സംഭാവന. നാലാമതായി ക്രീസിലെത്തിയ പരമീശ്വരന്‍ ശിവരാമനെ 11 റണ്ണില്‍ ബാബാ അപരാജിത്‌ മടക്കി. മുഹമ്മദ്‌ അസ്‌ഹറുദീന്‍ ക്യാച്ചെടുത്തു.
അര്‍ധസെഞ്ചുറിയോടെ പോണ്ടിച്ചേരിയുടെ ടോപ്‌സ്കോററായ ജസ്വന്ത്‌ ശ്രീറാമിന്റേതായിരുന്നു അടുത്ത ഊഴം. 54 പന്തില്‍ നാലു സിക്‌സും മൂന്നു ഫോറും ഉള്‍പ്പെടെ 57 റണ്ണടിച്ച താരത്തെ ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ സഞ്‌ജു സാംസണ്‍ പിടിച്ചു പുറത്താക്കി. ഈഘട്ടത്തില്‍ 26.2 ഓവറില്‍ നാലുവിക്കറ്റിന്‌ 156 റണ്ണെന്ന നിലയിലായിരുന്നു പോണ്ടിച്ചേരി.
പിന്നീടെത്തിയ ബാറ്റര്‍മാരെ അടിച്ചുകളിക്കാന്‍ വിടാതെ കേരള ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. ക്യാപ്‌റ്റന്‍ അമന്‍ ഖാന്‍ മികച്ച തുടക്കമിട്ടെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 23 പന്തില്‍ 27 റണ്‍ നേടിയ നായകനെ ബിജു നാരായണന്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട്‌ മാരിമുത്തു വിഘ്‌നേശ്വരന്‍ (54 പന്തില്‍ 26), ജയന്ത്‌ യാദവ്‌ (35 പന്തില്‍ 23) എന്നിവര്‍ ഒഴികെയുള്ളവര്‍ക്ക്‌ രണ്ടക്കം കണ്ടെത്താനായില്ല. ജയന്തിനെയും സിദാക്ക്‌ സിങ്ങി (ഏഴ്‌) നെയും സാഗര്‍ ഉദേഷി(രണ്ട്‌)നെയും മടക്കി നിധീഷ്‌ എതിരാളികളുടെ സ്‌കോര്‍ 250 കടക്കില്ലെന്ന്‌ ഉറപ്പാക്കി. നിധീഷ്‌ നാലുവിക്കറ്റും ഏദന്‍ ആപ്പിള്‍ ടോമും അങ്കിത്‌ ശര്‍മയും രണ്ട്‌ വിക്കറ്റ്‌ വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ കേരളത്തിന്‌ തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ സഞ്‌ജു സാംസണിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും വിക്കറ്റ്‌ നഷ്‌ടമായി. 11 റണ്ണെടുത്ത സഞ്‌ജുവിനെ പാര്‍ഥ്‌ വഗാനിയും എട്ട്‌ റണ്ണെടുത്ത രോഹനെ ഭൂപേന്ദറും പുറത്താക്കി. എന്നാല്‍ തുടര്‍ന്നെത്തിയ ബാബ അപരാജിത്തും വിഷ്‌ണു വിനോദും ചേര്‍ന്ന്‌ കേരളത്തിന്‌ അനായാസ വിജയമൊരുക്കുകയായിരുന്നു.
തുടക്കം മുതല്‍ ആഞ്ഞടിച്ച വിഷ്‌ണു 36 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതിന്റെ മികവില്‍ 14-ാം ഓവറില്‍ കേരളസ്‌കോര്‍ 100 കടന്നു. 63 പന്തില്‍ താരം മൂന്നക്കം കടന്നു. പാര്‍ത്ഥ്‌ വഗാനി എറിഞ്ഞ 26-ാം ഓവറില്‍ മൂന്ന്‌ സിക്‌സും ഒരു ഫോറും പറത്തി വിഷ്‌ണു ടീം സ്‌കോര്‍ 200 കടത്തി. ഇതിനിടയില്‍ ബാബ അപരാജിത്തും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 29 ഓവറില്‍ തന്നെ കേരളം ലക്ഷ്യത്തിലെത്തി.
84 പന്തില്‍ 13 ബൗണ്ടറിയും 14 സിക്‌സും അടക്കം 162 റണ്‍സുമായി വിഷ്‌ണു വിനോദും 69 പന്തില്‍ 63 റണ്ണുമായി ബാബ അപരാജിത്തും പുറത്താകാതെ നിന്നു. ഇതിലൂടെ വിജയ്‌ ഹസാരെ ട്രോഫിയില്‍ കേരളത്തിന്‌ വേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്നതിന്റെ റെക്കോഡ്‌ വിഷ്‌ണു വിനോദ്‌ വീണ്ടും തന്റെ പേരിലാക്കി. 2019-ല്‍ ഛത്തീസ്‌ഗഡിനെതിരേ വിഷ്‌ണു തന്നെ സ്‌ഥാപിച്ച 11 സിക്‌സിന്റെ റെക്കോഡിനൊപ്പം കഴിഞ്ഞ മത്സരത്തില്‍ രോഹന്‍ കുന്നുമ്മല്‍ എത്തിയിരുന്നു. ഈ റെക്കോഡാണ്‌ വിഷ്‌ണു വിനോദ്‌ തിരുത്തിയത്‌.