Sports

വിരാട്‌ കോഹ്ലി കളിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ വിരാട്‌ കോഹ്ലി ഇന്നു നടക്കുന്ന വിജയ്‌ ഹസാരെ ട്രോഫി മത്സരത്തില്‍ കളിക്കില്ല. ഡല്‍ഹിയുടെ താരമായ കോഹ്ലി റെയില്‍വേസിനെതിരേ ഇന്നു നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്‌.

ബി.സി.സി.ഐയുടെ നിര്‍ദേശ പ്രകാരം കോഹ്ലി ഡല്‍ഹി ടീമിനായി ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌ ടീമുകള്‍ക്കെതിരേ കളിച്ചിരുന്നു. ആദ്യ മത്സരത്തില്‍ സെഞ്ചുറിയടിച്ച (131) കോഹ്ലി അടുത്ത മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും (77) കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും മുമ്പ്‌ കോഹ്ലി ഒരു മത്സരം കൂടി കളിക്കുമെന്നായിരുന്നു സൂചന.

കോഹ്ലി കളിക്കില്ലെന്ന്‌ ഡല്‍ഹി കോച്ച്‌ ശരണ്‍ദീപ്‌ സിങ്‌ പറഞ്ഞു. ഡി ഗ്രൂപ്പിലെ അഞ്ച്‌ മത്സരങ്ങളും ജയിച്ച ഡല്‍ഹി 16 പോയിന്റുമായി ഒന്നാം സ്‌ഥാനത്താണ്‌. ഇന്നു നടക്കുന്ന എ ഗ്രൂപ്പ്‌ മത്സരത്തില്‍ കേരളം പോണ്ടിച്ചേരിയെ നേരിടാനിരിക്കുകയാണ്‌. ഇന്ത്യന്‍ ഏകദിന ടീം അംഗം ശ്രേയസ്‌ അയ്യരെ വിജയ്‌ ഹസാരെയിലെ തുടര്‍ന്നുള്ള മത്സരങ്ങളുടെ നായകനായി പ്രഖ്യാപിച്ചു. പരുക്കേറ്റു പുറത്തായ ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂറിനു പകരമാണു ശ്രേയസ്‌ അയ്യര്‍ നായകനാകുന്നത്‌.