Sports

സിക്‌സര്‍ അടിക്കാന്‍ അറിയില്ലത്രേ ! ഇത് സാമ്പിള്‍ വെടിക്കെട്ട്; ലോകകപ്പില്‍ പൊളിക്കും കോഹ്ലി…!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങും മുമ്പ് നടന്ന ടി20 ലോകകപ്പ് ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകളിലെ കേന്ദ്രബിന്ദു വിരാട്‌ കോഹ്ലിയായിരുന്നു. സൂപ്പര്‍താരത്തെ ഇത്തവണ ടീമില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ടി20 യുടെ വേഗമേറിയ ശൈലിയ്ക്ക് കോഹ്ലി അനുയോജ്യനല്ലെന്നായിരുന്നു വിമര്‍ശകരുടെ പ്രധാന കണ്ടെത്തല്‍. ക്ലാസ്സിക് ബാറ്റിംഗ് ശൈലിയ്ക്ക് ഉടമയായ കോഹ്ലിക്ക് സിക്‌സര്‍ അടിക്കാന്‍ അറിയില്ലെന്ന് വരെ പറഞ്ഞുകേട്ടു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന് വേണ്ടി തകര്‍പ്പനടി പുറത്തെടുത്ത താരം വിമര്‍ശകരെയെല്ലാം വെല്ലുവിളിക്കുകയാണ്.

വ്യാഴാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെ വെറും 47 പന്തില്‍ 92 റണ്‍സ് നേടിയ വിരാട് കോഹ്ലി ലോകകപ്പ് ടീമിലെ ഫ്രണ്ട് റണ്ണറാണ്. കോഹ്ലിയുടെ ശ്രദ്ധേയമായ ബാറ്റിംഗാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 241 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. സീസണില്‍ ഭൂരിഭാഗവും ഓറഞ്ച് ക്യാപ്പ് തലയില്‍ ഉറപ്പിച്ച ഇന്ത്യന്‍ ബാറ്റര്‍ ഇപ്പോള്‍ 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ദ്ധ സെഞ്ചുറികളും സെഞ്ച്വറിയും സഹിതം 632 റണ്‍സ് നേടിയിട്ടുണ്ട്. തന്റെ സ്‌ട്രൈക്ക് റേറ്റില്‍ സംശയിച്ചവര്‍ക്കെല്ലാം താരം ബാറ്റുകൊണ്ട് മറുപടി നല്‍കി.

കോഹ്ലിക്ക് സിക്‌സറിക്കാന്‍ അറിയില്ലെന്ന് പറഞ്ഞവര്‍ക്കും താരം മറുപടി കൊടുത്തുകൊണ്ടിരിക്കുകയാണ്. 47 പന്തില്‍ ഏഴ് ഫോറും ആറ് സിക്സുമാണ് അടിച്ചുകൂട്ടിയത്. ഐപിഎല്‍ 2024 ല്‍ കോഹ്ലിക്ക് ധാരാളം റണ്‍സ് ലഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ചൂണ്ടിക്കാണിച്ച് പലരും അദ്ദേഹത്തിന്റെ ഇന്നിംഗ്സിന്റെ വേഗതയെ ചോദ്യം ചെയ്യുന്നു. എന്നാല്‍ 195.74 ആയിരുന്നു ഈ മത്സരത്തിലെ സ്‌ട്രൈക്ക് റേറ്റ്. ഓറഞ്ച് ക്യാപ് റേസില്‍ 153.51 സ്ട്രൈക്ക് റേറ്റില്‍ 12 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും നേടിയ താരം ഇന്ത്യയുടെ ടി20 ലോകകപ്പ് കാമ്പെയ്നിലെ ഒരു പ്രധാന താരമായി മാറിക്കൊണ്ടാണ് വിമര്‍ശകരുടെ വായടപ്പിച്ചത്.