Sports

ഐപിഎല്ലില്‍ ഒരു ടീമിന് വേണ്ടി കൂടുതല്‍ സിക്‌സറുകള്‍; കോഹ്ലിയുടെ ബാറ്റില്‍നിന്നും പിറന്നത് 250 എണ്ണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ഏറെ പിന്നിലാണെങ്കിലും എല്ലാക്കാലത്തും ടീമിന്റെ നെടുന്തൂണായ വിരാട്‌കോഹ്ലി പുതിയ റെക്കോഡ് നേടിക്കൊണ്ടിരിക്കുകയാണ്. 2008 മുതല്‍ ടീമിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പമുള്ള വിരാട്‌കോഹ്ലി ഐപിഎല്ലില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരമായി മാറിയിരിക്കുകയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഒരു റണ്‍സിന് പരാജയപ്പെട്ട മത്സരത്തില്‍ ഏഴു പന്തില്‍ 18 റണ്‍സ് നേടി താരം പുറത്തായപ്പോള്‍ രണ്ടു സിക്‌സും ഒരു ബൗണ്ടറിയും താരം നേടിയായിരുന്നു. ഈ മത്സരത്തിലെ സിക്‌സറുകള്‍ കൂടിയായപ്പോള്‍ താരത്തിന്റെ സിക്‌സറുകളുടെ എണ്ണം 250 ആയി മാറിയിരുന്നു. ആര്‍സിബിയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറിന്റെ കാര്യത്തില്‍ കോഹ്ലിയ്ക്ക് തൊട്ടുപിന്നില്‍ 239 സിക്‌സറുമായി ക്രിസ് ഗെയ്‌ലും 238 സിക്‌റുകളുമായി എബി ഡിവിലിയേഴ്‌സും നില്‍ക്കുന്നു.

അതേസമയം ഐപിഎല്ലില്‍ 250 സിക്‌സറുകള്‍ നേടുന്ന നാലാമത്തെ താരമാണ് കോഹ്ലി. 357 സിക്‌സറുകള്‍ നേടിയിട്ടുള്ള ഗെയ്‌ലാണ് ഏറ്റവും മുന്നില്‍ തൊട്ടുപിന്നില്‍ 275 സിക്‌സറുകളുമായി രോഹിത് ശര്‍മ്മയും മൂന്നാം സ്ഥാനത്ത് 251 സിക്‌സറുകളുമായി ഡിവിലിയേഴ്‌സുമാണ് മുന്നിലുള്ളത്. ടി20 ക്രിക്കറ്റില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ സിക്‌സറുകളുടെ കാര്യത്തിലും കോഹ്ലി ഗെയ്‌ലിനെ മറികടന്നു. ആര്‍സിബിയ്ക്കായി 263 സിക്‌സറുകള്‍ ഗെയ്ല്‍ വിവിധ ടൂര്‍ണമെന്റിലാണ് നേടിയിട്ടുള്ളത്. ഇതില്‍ ഐപിഎല്ലും ചാംപ്യന്‍സ് ലീഗും പെടും. എന്നാല്‍ ഐപിഎല്‍ മാത്രമെടുക്കുമ്പോള്‍ കോഹ്ലി മുന്നിലാണ്.