ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നായകനായി അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തുന്നതിലേക്ക് നയിച്ച വിരാട് കോഹ്ലി ഇന്ത്യയിലെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ തിളക്കമുള്ളയാളാണ്. എന്നാല്‍ ഒരു ഘട്ടത്തില്‍ ടീം ഇന്ത്യയുടേയും ഐപിഎല്‍ ടീമായ ആര്‍സിബിയുടേയും നായകസ്ഥാനം ഒഴിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം വിരാട്‌കോഹ്ലി വെളിപ്പെടുത്തി.
ആര്‍സിബി ബോള്‍ഡ് ഡയറീസ് പോഡ്കാസ്റ്റിലെ ഹൃദയംഗമമായ സംഭാഷണത്തില്‍, തന്റെ നേതൃത്വത്തെയും ബാറ്റിംഗിനെയും ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകള്‍ തന്നെ തകര്‍ത്തതായും ആത്യന്തികമായി വ്യക്തിപരമായ സന്തോഷം കണ്ടെത്തുന്നതിന് വേണ്ടിയാണ് നായകസ്ഥാനത്ത് നിന്ന് മാറാന്‍ പ്രേരിപ്പിച്ചതെന്നും കോഹ്ലി വിശദീകരിച്ചു.
2021 ഐപിഎല്‍ സീസണിന് ശേഷമായിരുന്നു കോഹ്ലി ആര്‍സിബി ക്യാപ്റ്റന്‍സ്ഥാനം ഉപേക്ഷിച്ചത്. ആ വര്‍ഷത്തെ ടി 20 ലോകകപ്പിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ ടി 20 ഐ ക്യാപ്റ്റന്‍ സ്ഥാനവും കോഹ്ലി രാജിവച്ചു. സെലക്ടറും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നായിരുന്നു കോഹ്ലിക്ക് ഏകദിന ടീമിന്റെ നായകസ്ഥാനം നഷ്ടമായത്.
2022 ന്റെ തുടക്കത്തില്‍ കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും ചെയ്തു.”ഒരു ഘട്ടത്തില്‍, അത് എനിക്ക് വളരെ ബുദ്ധിമുട്ടായിത്തീര്‍ന്നു. ഞാന്‍ കളിച്ച ഓരോ കളിയിലും ബാറ്റിംഗ് വീക്ഷണകോണില്‍ നിന്ന് എന്നില്‍ പ്രതീക്ഷകളുണ്ടായിരുന്നു. ശ്രദ്ധ എന്നില്‍ നിന്ന് മാറിയിരുന്നില്ല. അത് ക്യാപ്റ്റന്‍സിയോ ബാറ്റിംഗോ ഒക്കെയായിരുന്നു.” നേതൃത്വത്തിന്റെ ഭാരം തന്നെ മാനസികമായി തളര്‍ത്തിയെന്ന് മുന്‍ ക്യാപ്റ്റന്‍ സമ്മതിച്ചു.
”ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനും ടീമിനെ നയിക്കാനുമുള്ള സമ്മര്‍ദത്താല്‍ കളിയോടുള്ള തന്റെ സന്തോഷം നഷ്ടമാകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വഴിത്തിരി വായി. ”ഈ സീസണില്‍ നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്. ഇപ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നൊന്നും നോക്കാതെ, വിലയിരുത്തപ്പെടാതെ എന്റെ ക്രിക്കറ്റ് കളിക്കാന്‍ എനിക്ക് എന്റെ ജീവിതത്തില്‍ ഒരു ഇടം വേണം,” കോഹ്ലി പറഞ്ഞു. 2022-ല്‍ ക്രിക്കറ്റില്‍ നിന്ന് ഒരു മാസത്തെ ഇടവേള എടുത്ത താരം കളിയില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതായി 36-കാരന്‍ പങ്കുവെച്ചു. മാനസികമായും വൈകാരികമായും റീചാര്‍ജ് ചെയ്യാന്‍ ആ ഇടവേള നിര്‍ണായകമായിരുന്നു.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം തന്റെ അന്താ രാഷ്ട്ര കരിയറിന്റെ ആദ്യ ഘട്ടത്തെക്കുറിച്ചും താരം സംസാരിച്ചു. തന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ പിന്തുണച്ചതിന് ഇതിഹാസതാരം എംഎസ് ധോണിയെയും പരിശീലകന്‍ ഗാരി കിര്‍സ്റ്റനെയും അദ്ദേഹം പ്രശംസിച്ചു. അവര്‍ക്ക് നന്ദി പറയാനും വിരാട്‌കോഹ്ലി മടിച്ചില്ല.