Featured Sports

കിംഗ് കോഹ്ലി; അതിവേഗം 14,000 റൺസ്, ക്യാച്ചിലും മുമ്പന്‍; മറികടന്നത് സച്ചിനേയും അസ്‌ഹറുദ്ദീനെയും

ദുബായ്‌: ഏകദിന ക്രിക്കറ്റിൽ മൂന്ന് അപൂർവ നാഴികക്കല്ലുകള്‍ പിന്നിട്ട് ഇന്ത്യൻ സൂപ്പർ താരം വിരാട്‌ കോഹ്ലി. ഒന്നാമത്തേത് ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി. രണ്ട്, സച്ചിനെ മറികടന്ന് അതിവേഗം 14,000 റൺസ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി. മൂന്ന്, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോഡും വിരാട്‌ കോഹ്ലിക്ക് സ്വന്തം.

മുന്‍ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്റെ 156 ക്യാച്ചുകളെന്ന നേട്ടമാണു കോഹ്ലി പഴങ്കഥയാക്കിയത്‌. ഇന്ത്യക്കായി 299 ഏകദിനങ്ങള്‍ കളിച്ച കോഹ്ലി 158 ക്യാച്ചുകളെടുത്തു. ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ ക്യാച്ചുകളുടെ റെക്കോഡ്‌ ശ്രീലങ്കയുടെ മുന്‍ താരം മഹേള ജയവര്‍ധനെയ്‌ക്കാണ്‌. 448 ഏകദിനങ്ങളിലായി 218 ക്യാച്ചുകളാണു ജയവര്‍ധനെ സ്വന്തമാക്കിയത്‌. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്‌ 375 ഏകദിനങ്ങളിലായി 160 ക്യാച്ചുകളുമായി രണ്ടാംസ്‌ഥാനത്തുണ്ട്‌. വിരാട്‌ കോഹ്ലിയാണു മൂന്നാമത്‌. അസ്‌ഹറുദ്ദീന്‍ നാലാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ന്യൂസിലന്‍ഡിന്റെ റോസ്‌ ടെയ്‌ലര്‍ (142), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (140), ന്യൂസിലന്‍ഡിന്റെ സ്‌റ്റീഫന്‍ ഫ്‌ളെമിങ്‌ (133), ജാക്ക്‌ കാലിസ്‌ (131) എന്നിവര്‍ പട്ടികയിലെ ആദ്യ സ്‌ഥാനക്കാരാണ്‌. ഹര്‍ഷിത്‌ റാണയുടെ പന്തില്‍ ഖുദ്ദില്‍ ഷായെയാണ്‌ (39 പന്തില്‍ രണ്ട്‌ സിക്‌സറടക്കം 38) കോഹ്ലി ആദ്യം പിടികൂടിയത്‌. ബാറ്റില്‍ തട്ടിയുയര്‍ന്ന പന്ത്‌ ഡീപ്‌ മിഡ്‌വിക്കറ്റില്‍നിന്ന്‌ ഓടിയെത്തിയ കോഹ്ലി മുന്നോട്ട്‌ ഡൈവ്‌ ചെയ്‌ത് ഒറ്റക്കൈയിലാണ്‌ ഒതുക്കിയത്‌. കുല്‍ദീപ്‌ യാദവിന്റെ പന്തില്‍ നസീം ഷായെ (16 പന്തില്‍ 14) ക്യാച്ചിലൂടെ പുറത്താക്കാനും കോഹ്ലിക്കായി.

ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാരയാണ് 14,000 റൺസ് നേടിയ മറ്റൊരു താരം. 287 ഇന്നിങ്സുകളിലാണ് കോഹ്ലി ഏകദിനത്തിൽ 14,000 റൺസിലെത്തിയത്. സചിൻ 350 ഇന്നിങ്സുകളെടുത്തു ഈ റെക്കോര്‍ഡില്‍ എത്താന്‍.