Celebrity

വിരമിക്കലില്‍ ഞെട്ടിച്ചു; പിന്നാലെ സമാധാനം തേടി യാത്ര; കോലി പോയത് എങ്ങോട്ട് ?

ആരാധകരേയും ക്രിക്കറ്റ് ലോകത്തേയും ഞെട്ടിച്ചുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വിരാട് കോലി ആദ്യം പോയത് ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശ്രമത്തിലേയ്ക്ക്. മനസിന്റെ ശാന്തിയാണ് മുഖ്യമെന്ന് വിശ്വസിക്കുന്ന കോലി ബുദ്ധപൂര്‍ണിമ ദിനത്തിലാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ശാരീരികക്ഷമത, മനസിന്റെ ആരോഗ്യം എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ അതിന് കുടുംബത്തിന്റെ പിന്തുണയും ആവശ്യമെന്ന് പറഞ്ഞിട്ടുള്ള കോലി വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ ഭാര്യ അനുഷ്ക ശര്‍മയുമൊത്ത് മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കാണ് ആദ്യം പോയത്. ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കോലി ആത്മീയ ഗുരുവാക്കിയിരുന്നു.

അതുകൊണ്ടുതന്നെയാണ് മഥുരയിലെ വൃന്ദാവനിലേക്കുതന്നെ കോലി ആദ്യം പോയത്. ടാക്സിക്കാറിലാണ് കോലിയും അനുഷ്കയും ആശ്രമത്തിലെത്തിയത്. രാവിലെ ഏഴുമണിയോടെ ആത്മീയഗുരുവായ പ്രേമാനന്ദ ജി മഹാരാജിനെ കണ്ട കോലി ശ്രദ്ധയോടെ ഗുരുവിന്റെ വാക്കുകള്‍ കേട്ടു. ഏഴുമിനിറ്റോളം ഗുരുവിനൊപ്പം കോലി ചെലവഴിച്ചു. ഇതിന് മുമ്പ് 2023 ജനുവരിയിലും 2025 ജനുവരിയിലും കോലി വൃന്ദാവനിലെ ആശ്രമത്തിലെത്തിയിട്ടുണ്ട്.

വിജയത്തിനായി രണ്ട് കാര്യങ്ങള്‍ ആവശ്യമെന്ന് വിരാട് കോലി പറഞ്ഞിട്ടുണ്ട്. ഒന്ന് പരിശീലനവും മറ്റൊന്ന് വിധിയും. പരിശീലനം മാത്രമെങ്കില്‍ വിജയം ദുഷ്കരം ആകും. വിധി ശരിയാവണമെങ്കില്‍ ദൈവത്തെ കൂടുതല്‍ അറിയണമെന്നാണ് കോലിയുടെ പറയുന്നത്. ശരീരത്തിന്റെ ഫിറ്റ്നസിനൊപ്പം മനസിന്റെ ഫിറ്റനസും കാത്തുസൂക്ഷിക്കുന്നതിനാണ് വിരാട് ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *