ഹൗസിംഗ് കോംപ്ലക്സുകളിൽ വളർത്തുനായ്ക്കളുമായി ബന്ധപ്പെട്ട സംഭവങ്ങൾ പലപ്പോഴും വലിയ തർക്കങ്ങൾക്കും വഴക്കുകൾക്കും കാരണമാകാറുണ്ട്. ഏതായാലും ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ കടുത്ത ജനരോഷത്തിന് കാരണമായിരിക്കുന്നത്.
നോയിഡയിലെ ഗൗർ സിറ്റി-2 ലെ , 12- അവന്യൂ സൊസൈറ്റിയിലാണ് സംഭവം. ലിഫ്റ്റിനുള്ളിൽ വെച്ച് ഒരു കുട്ടിയെ ഒരു സ്ത്രീ യാതൊരു പ്രകോപനവും ഇല്ലാതെ തല്ലുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ലിഫ്റ്റിൽ സ്ത്രീക്കൊപ്പം കയറിയ അവരുടെ വളർത്തുനായയെ കണ്ട് കുട്ടി ഭയന്നതാണ് സ്ത്രീ കുട്ടിയിൽ കണ്ട ഏക കുറ്റം.
തുടർന്ന് ഇവർ കുട്ടിയെ പൊതിരെ തല്ലുകയായിരുന്നു. വീഡിയോ കണ്ട പല ഉപയോക്താക്കളും സ്ത്രീയുടെ പെരുമാറ്റത്തെ അപലപിച്ചു, വളർത്തുമൃഗത്തോടുള്ള സ്ത്രീയുടെ അടുപ്പവും സ്നേഹവും ഒരു കുട്ടിയെ തല്ലുന്നത് ന്യായീകരിക്കുന്നില്ലെന്ന് നെറ്റിസൺസ് പ്രസ്താവിച്ചു. സംഭവത്തിന് പിന്നാലെ പോലീസ് അടിയന്തര നടപടി സ്വീകരിച്ചതായിട്ടാണ് റിപ്പോർട്ട്.
@Ghar Ke Kalesh എന്ന എക്സ് ഉപഭോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ലിഫ്റ്റിനുള്ളിൽ ഒരു കുട്ടി ഒറ്റയ്ക്ക് നിൽക്കുന്നതാണ് കാണുന്നത്. അടുത്ത ഫ്ലോർ എത്തുമ്പോൾ ഒരു സ്ത്രീ തന്റെ നായയുമായി ലിഫ്റ്റിലേക്ക് കടന്നുവരികയാണ്. നായയെ കഴുത്തിൽ ബെൽറ്റില്ലാതെയാണ് സ്ത്രീ അകത്തേക്ക് കൊണ്ടുവരുന്നത്. എന്നാൽ നായയെ കണ്ടതും കുട്ടി ഭയന്ന് വിറക്കാൻ തുടങ്ങി. സ്ത്രീക്കും നായയ്ക്കും മുന്നിൽ ഭയത്തോടെ കുട്ടി കൈകൂപ്പി നിൽക്കുന്നതും വീഡിയോയിൽ കാണാം.
എന്നാൽ ഇത് കണ്ട് കുട്ടിയെ ആശ്വസിപ്പിക്കുകയോ ശാന്തമാക്കുകയോ ചെയ്യുന്നതിനുപകരം, സ്ത്രീ കുട്ടിയെ ലിഫ്റ്റിനു പുറത്തേക്ക് വലിച്ചിഴക്കുകയും അവനെ പൊതിരെ തല്ലാൻ തുടങ്ങുകയും ചെയ്യുന്നിടത്തു വീഡിയോ അവസാനിക്കുകയാണ്. മുഴുവൻ സംഭവങ്ങളും ലിഫ്റ്റിലെ സിസിടിവിയിൽ പതിയുകയും ഇത് പരിസരവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.
പിന്നാലെ ഈ ദൃശ്യങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ പെടുകയും സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന്, സംഭവം നടന്നത് ബിസ്രാഖ് പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് സ്ഥിരീകരിച്ച് ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണറേറ്റ് തങ്ങളുടെ എക്‌സ് ഹാൻഡിൽ വഴി ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി.
നോയിഡയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ നായകളുടെ ഉടമസ്ഥതയിലും ഉടമസ്ഥരുടെ ഇത്തരം പെരുമാറ്റത്തിനും കർശനമായ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് സൊസൈറ്റി നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. മാത്രമല്ല ഈ സംഭവം ഹൗസിംഗ് സൊസൈറ്റികൾ പോലുള്ള കമ്മ്യൂണിറ്റി ഇടങ്ങളിൽ ഉത്തരവാദിത്തമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥതയെക്കുറിച്ചുള്ള ചർച്ചകൾക്കും തിരികൊളുത്തി