കോട്ടയം: ആര്‍.എസ്.എസ്. ക്യാമ്പില്‍ പീഡനത്തിന് ഇരയായെന്ന് ഇന്‍സ്‌റ്റഗ്രാം പേജില്‍ പോസ്‌റ്റിട്ടശേഷം ജീവനൊടുക്കിയ ആര്‍.എസ്.എസ്. പ്രവര്‍ത്തനായ അനന്തു അജിയുടെ പുതിയ വീഡിയോ സന്ദേശം പുറത്ത്. കുട്ടിക്കാലത്തു പീഡനത്തിനിരയാക്കിയ ആളുടെ പേര് വെളിപ്പെടുത്തുന്ന മൊഴിയാണ് യുവാവിന്റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.
തന്നെ പീഡിപ്പിച്ചതു നിതീഷ് മുരളീധരന്‍ എന്ന ആളാണെന്നു സെപ്‌റ്റംബര്‍ 14നു ചിത്രീകരിച്ച വീഡിയോയില്‍ യുവാവ് പറയുന്നു. ‘എല്ലാവരുടെയും കണ്ണന്‍ ചേട്ടന്‍ എന്ന ഇയാള്‍ വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയാണ്. അന്നൊക്കെ പുറത്തുപറയാന്‍ ഭയമായിരുന്നു. പീഡനമാണെന്ന് അറിയില്ലായിരുന്നു. തെളിവുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്, തെളിവില്ല. മരണംവരെ ഞാന്‍ അനുഭവിക്കേണ്ടിവരും. അമ്മയും സഹോദരിയും കാരണമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. എനിക്ക് ഒരിക്കലും ഒരു നല്ല മകനോ ചേട്ടനോ ആകാന്‍ പറ്റിയിട്ടില്ല. ഇപ്പോള്‍ പോലും അവരെ വേദനിപ്പിക്കേണ്ടിവരുന്നു’-കരഞ്ഞുകൊണ്ട് യുവാവ് വീഡിയോയില്‍ പറയുന്നു.
പുരുഷന്മാരില്‍നിന്നാണ് കൂടുതല്‍ പീഡനം നേരിടേണ്ടിവന്നതെന്നും ഒരിക്കലും ആര്‍.എസ്.എസുകാരുമായി ഇടപഴകരുതെന്നും സോ-കോള്‍ഡ് സംഘികള്‍ ആയ അവര്‍ പീഡകരാണെന്നും വീഡിയോ മരണമൊഴിയില്‍ പറയുന്നുണ്ട്. ‘അവരുടെ ഐ.ടി.സി. ക്യാമ്പുകളിലും ഒ.ടി.സി. ക്യാമ്പുകളിലും ഞാന്‍ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡനം അനുഭവിച്ചിട്ടുണ്ട്. അവര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. പലരും അതു തുറന്നുപറയാത്തതാണ്. മൂന്ന്-നാല് വയസ് മുതല്‍ വീടിനടുത്തുള്ളയാള്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അതാണ് എന്റെ ഒ.സി.ഡി. രോഗാവസ്‌ഥയ്‌ക്കു കാരണം. പീഡനമാണെന്നും അതാണ് രോഗമുണ്ടാകാന്‍ കാരണമെന്നും മനസിലായതു കഴിഞ്ഞവര്‍ഷംമാത്രമാണ്.
ഒ.സി.ഡിക്കായി തെറാപ്പിയുണ്ട്. ആറു മാസമായി ആന്റി ഡിപ്രസന്റ്‌സ് അടക്കം മൊത്തം ഏഴു കൂട്ടം ഗുളികകള്‍ കഴിക്കുന്നുണ്ട്’- യുവാവ് വെളിപ്പെടുത്തി.
ഇന്‍സ്‌റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്‌ത വീഡിയോയിലാണ് യുവാവിന്റെ മരണമൊഴി. എന്തിനാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും സംശയം ഉണ്ടാകാമെന്നും അതിനുള്ള ഉത്തരം നല്‍കാനാണ് വീഡിയോ ചിത്രീകരിക്കുന്നതെന്നും യുവാവ് പറയുന്നു. താന്‍ സ്വയം ഉള്‍വലിഞ്ഞ ആളാണെന്നും ആരോടും അങ്ങോട്ടു കയറി സംസാരിക്കാറില്ലെന്നും യുവാവ് പറയുന്നുണ്ട്.
തന്റെ ജീവിതം എങ്ങനെയാണ് ഇങ്ങനെ ആയതെന്നു പറഞ്ഞുകൊണ്ടാണ് ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വിവരണം. കേസില്‍ തമ്പാനൂര്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസും ആര്‍.എസ്.എസും പോലീസില്‍ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും കോണ്‍ഗ്രസും സി.പി.എമ്മും പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്‌തിട്ടുണ്ട്.




