Featured Sports

റെക്കോഡ് കുറിച്ച് വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി; പക്ഷേ പാഴായി , കളി തോറ്റു

കൊല്‍ക്കത്ത: ബിഹാറിനെതിരേ നടന്ന സയദ്‌ മുഷ്‌താഖ്‌ അലി ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ മഹരാഷ്‌ട്രയ്‌ക്ക് മൂന്ന്‌ വിക്കറ്റ്‌ ജയം. ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ബിഹാര്‍ മൂന്ന്‌ വിക്കറ്റിന്‌ 176 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മഹാരാഷ്‌ട്ര കളി തീരാന്‍ അഞ്ച്‌ പന്ത്‌ ശേഷിക്കേ വിജയ റണ്ണെടുത്തു.

61 പന്തില്‍ ഏഴ്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 108 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണര്‍ വൈഭവ്‌ സൂര്യവംശിയാണ്‌ ബിഹാറിനെ മികച്ച നിലയിലെത്തിച്ചത്‌. നായകനും ഓപ്പണറുമായ പൃഥി ഷായുടെ (30 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 66), നീരജ്‌ ജോഷി (24 പന്തില്‍ മൂന്ന്‌ സിക്‌സറടക്കം 30), രഞ്‌ജീത്‌ നികം (16 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 27), നിഖില്‍ നായിക്‌ (13 പന്തില്‍ 22) എന്നിവരുടെ പ്രകടനമാണ്‌ മഹാരാഷ്‌ട്രയെ ജയത്തിലെത്തിച്ചത്‌. കേരളത്തിന്റെ മുന്‍ താരം ജലജ്‌ സക്‌സേന (മൂന്ന്‌ പന്തില്‍ ഒരു സിക്‌സറടക്കം എട്ട്‌), വിക്കി ഓസ്‌റ്റ്വാള്‍ (മൂന്ന്‌) എന്നിവര്‍ ചേര്‍ന്നാണു വിജയറണ്ണെടുത്തത്‌.
സയദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയില്‍ സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌ വൈഭവ്‌ സൂര്യവംശി. 14 വയസുകാരനായ വൈഭവ്‌ 58 പന്തിലാണു സയദ്‌ മുഷ്‌താഖ്‌ അലിയിലെ കന്നി സെഞ്ചുറിയടിച്ചത്‌. ട്വന്റി20 യില്‍ സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ്‌ വൈഭവിന്റെ പേരിലാണ്‌.
കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ സീസണില്‍ ഗുജറാത്ത്‌ ടൈറ്റന്‍സിനെതിരേ രാജസ്‌ഥാന്‍ റോയല്‍സിനായി 35 പന്തില്‍ സെഞ്ചുറിയടിച്ചിരുന്നു. 14 വര്‍ഷവും 250 ദിവസവും പ്രായമുള്ളപ്പോഴാണു വൈഭവ്‌ സയദ്‌ മുഷ്‌താഖ്‌ അലിയില്‍ സെഞ്ചുറിയടിക്കുന്നത്‌. കഴിഞ്ഞ മത്സരങ്ങളില്‍ 14,13, അഞ്ച്‌ എന്നിങ്ങനെ റണ്ണെടുത്തു നിറംമങ്ങിനിന്ന വൈഭവ്‌ ഇന്നലെ 34 പന്തിലാണ്‌ 50 കടന്നത്‌.