ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരേ 148 റണ്ണിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ എ. ബി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 297 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത യു.എ.ഇ. അവസാന പന്തെറിയുമ്പോള്‍ ഏഴിന് 149 റണ്ണെന്ന നിലയിലായിരുന്നു.
ടോസ് നേടിയ ഇന്ത്യ എ നായകന്‍ ജിതേഷ് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. കൗമാരക്കാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 42 പന്തില്‍ 15 സിക്‌സറും 11 ഫോറുമടക്കം 144 റണ്ണുമായാണു വൈഭവ് ക്രീസ് വിട്ടത്. ജിതേഷ് ശര്‍മ 32 പന്തില്‍ ആറ് സിക്‌സറും എട്ട് ഫോറുമടക്കം 83 റണ്ണുമായി പുറത്താകാതെനിന്നു. യു.എ.ഇക്കായി 41 പന്തില്‍ ആറ് സിക്‌സറും മൂന്ന് ഫോറുമടക്കം 63 റണ്ണെടുത്ത ഷുഹൈബ് ഖാന്‍ മികച്ചുനിന്നു. ഗുര്‍ജപ്നീത് സിങ് മൂന്ന് വിക്കറ്റും ഹര്‍ഷ് ദുബെ രണ്ട് വിക്കറ്റും രമണ്‍ദീപ് സിങും യഷ് ഠാക്കൂറും ഒരു വിക്കറ്റ് വീതവുമെടുത്തു. 32 പന്തിലാണു വൈഭവ് സെഞ്ചുറിയടിച്ചത്.
ട്വന്റി20 യില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 28 പന്തില്‍ സെഞ്ചുറിയടിച്ച ഉര്‍വില്‍ പട്ടേലും അഭിഷേക് ശര്‍മയുമാണ് ഒന്നാം സ്ഥാനത്ത്. ഇരുവരും കഴിഞ്ഞ വര്‍ഷത്തെ സയദ് മുഷ്താഖ് അലി ട്രോഫിയിലാണു സെഞ്ചുറിയടിച്ചത്. ഋഷഭ് പന്ത് 2018 ല്‍ ഡല്‍ഹിക്കായി 32 പന്തില്‍ സെഞ്ചുറിയടിച്ചിരുന്നു. ഹിമാചല്‍ പ്രദേശിനെതിരേയായിരുന്നു പന്തിന്റെ സെഞ്ചുറി. ട്വന്റി20 യിലെ ഏറ്റവും വേഗത്തിലുള്ള അഞ്ചാമത്തെ സെഞ്ചുറിയാണു വൈഭവ് കുറിച്ചത്. ഒരു ദേശീയ ടീമിനായി സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 14 വര്‍ഷവും 232 വയസും പ്രായമുള്ളപ്പോഴാണു വൈഭവിന്റെ വെടിക്കെട്ട് പിറന്നത്. ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹിമിന്റെ റെക്കോഡാണു വൈഭവ് മറികടന്നത്. 2005 ല്‍ ബംഗ്ലാദേശ് എയും സിംബാബ്‌വേ എയും തമ്മില്‍ നടന്ന മത്സരത്തില്‍ സെഞ്ചുറിയടിച്ചാണു റഹിം റെക്കോഡിട്ടത്. 16 വര്‍ഷവും 171 ദിവസവും പ്രായപ്പോള്‍ 111 റണ്ണാണു വിക്കറ്റ് കീപ്പര്‍ കൂടിയായ റഹിം അടിച്ചെടുത്തത്.
ട്വന്റി20 യില്‍ 35 പന്തില്‍ താഴെ പന്തുകളില്‍ രണ്ടു സെഞ്ചുറികളടിക്കുന്ന ആദ്യ താരമാണു വൈഭവ്. ആദ്യ സെഞ്ചുറി 35 പന്തിലായിരുന്നു. വൈഭവ് സൂര്യവംശി ഇതുവരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, യൂത്ത് ഏകദിനം, യൂത്ത് ടെസ്റ്റ്, ഇന്ത്യ എ എന്നിവയില്‍ സെഞ്ചുറിയടിച്ചു സ്വന്തം പേര് അടയാളപ്പെടുത്തി. ഇന്നലെ 17 പന്തിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. ഇന്നിങ്സിന്റെ തുടക്കം മുതല്‍ വൈഭവ് ബൗളര്‍മാരെ നിലംതൊടാതെ പറത്തി. കഴിഞ്ഞ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 35 പന്തില്‍ സെഞ്ചുറിയടിച്ചതിനെ അനുസ്മരിപ്പിച്ചാണ് വൈഭവ് ഇന്നലെ ബാറ്റ് ചെയ്തത്.




