Crime

‘കൃത്രിമ ഗര്‍ഭധാരണിന് സ്വന്തം ബീജം ഡോക്ടര്‍ എന്നില്‍ കുത്തിവച്ചു; മകള്‍ക്ക് 16 അര്‍ധ സഹോദരങ്ങള്‍’

വാഷിങ്ടന്‍: കൃത്രിമ ഗര്‍ഭധാരണ ചികിത്സയ്ക്കിടെ ഡോക്ടര്‍ക്കെതിരേ പരാതിയുമായി ചികിത്സ സ്വീകരിച്ച സ്ത്രീ രംഗത്ത്. ഡോക്ടര്‍ സ്വന്തം ബീജം തന്നില്‍ കുത്തിവെച്ചെന്ന പരാതിയുമായി യുഎസിലെ ഇദാഹോയില്‍ നിന്നുള്ള ഷാരോണ്‍ ഹായേസ് എന്ന 67 വയസ്സുകാരിയാണ് രംഗത്ത് വന്നിരിക്കുന്നത്.

34 വര്‍ഷം മുന്‍പത്തെ സംഭവത്തില്‍ വാഷിംഗ്ടണില്‍ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ഡേവിഡ് ആര്‍. ക്‌ളേപൂളിനെതിരേയാണ് പരാതി. സ്വാഭാവിക മാര്‍ഗങ്ങളിലൂടെ കുഞ്ഞുണ്ടാകാതെ വന്നതിനെ തുടര്‍ന്ന് 1989ല്‍ വന്ധ്യതാ ചികിത്സയ്ക്കായി ഡോക്ടറുടെ ചികിത്സ തേടി ഷാരോണും ഭര്‍ത്താവും എത്തിയിരുന്നു.

അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിക്കാമെന്നു ഷാരോണും മുടി, കണ്‍നിറം, ആരോഗ്യം, ജനിതകം തുടങ്ങിയ മേന്മകളുള്ള ദാതാക്കളില്‍നിന്നേ ബീജം തിരഞ്ഞെടുക്കൂ എന്നു ഡോക്ടറും ഉറപ്പു കൊടുത്തു. ഓരോ തവണ കാണാനെത്തുമ്പോഴും 100 ഡോളര്‍ വീതം പണമായി ഡോക്ടര്‍ കൈപ്പറ്റി.

കോളജ് വിദ്യാര്‍ഥികളായ ബീജദാതാക്കള്‍ക്ക് നല്‍കാനാണ് എന്നു പറഞ്ഞാണു തുക വാങ്ങിയിരുന്നത്. പിന്നീട് ഷാരോണ്‍ ഒരു പെണ്‍കുഞ്ഞിന് കൃത്രിമ ബീജസങ്കലനത്തിലൂടെ ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ 33 വര്‍ഷത്തിന് ശേഷം മകള്‍ ബ്രയാന ഹായേസ് ജനിതക പരിശോധനയ്ക്കായി തന്റെ ഡിഎന്‍എ സാംപിള്‍ ഒരു വെബ്‌സൈറ്റില്‍ നല്‍കിയപ്പോഴാണു തന്റെ പിതാവിനെ സംബന്ധിച്ച വിവരം മനസ്സിലായത്.

സമീപ പ്രദേശങ്ങളിലായി 16 അര്‍ധ സഹോദരങ്ങള്‍ കൂടി തനിക്കുണ്ടെന്നറിഞ്ഞ് ബ്രയാന ഞെട്ടി. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ കേള്‍ക്കുന്നതെന്നാണു ഡോക്ടറുടെ പ്രതികരണം. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ഡോ.ഡേവിഡിനെതിരെ പരാതി നല്‍കാന്‍ ഷാരോണ്‍ തീരുമാനിക്കുകയായിരുന്നു.