Lifestyle

കുറഞ്ഞ കാത്തിരിപ്പ്‌ സമയമുള്ള രാജ്യങ്ങളില്‍നിന്ന്‌ അപേക്ഷിക്കാനാവില്ല; വിസാ നിയമങ്ങള്‍ കര്‍ശനമാക്കി യു.എസ്‌; ഇന്ത്യക്കാര്‍ക്ക്‌ തിരിച്ചടി

വിസ നിയമങ്ങള്‍ കര്‍ശനമാക്കി യു.എസ്‌. നോണ്‍ ഇമിഗ്രന്റ്‌ (സ്‌ഥിരതാമസത്തിനല്ലാത്ത- എന്‍.ഐ.വി) വിസയ്‌ക്കാണു കൂടുതല്‍ നിയന്ത്രണം വരിക. അപേക്ഷകര്‍ അവരുടെ അഭിമുഖ അപ്പോയിന്റ്‌മെന്റുകള്‍ അവരുടെ പൗരത്വ രാജ്യത്തോ നിയമാനുസൃതമായ വസതിയിലോ മാത്രമേ ക്രമീകരിക്കാവൂ എന്നാണു പുതിയ നിര്‍ദേശത്തിലുള്ളത്‌. കുറഞ്ഞ കാത്തിരിപ്പ്‌ സമയമുള്ള അയല്‍ രാജ്യങ്ങളില്‍നിന്ന്‌ അപേക്ഷിക്കുന്നതിനുള്ള സാധ്യത ഇതോടെ ഇല്ലാതായി. പുതിയ വിസാ നിയമങ്ങള്‍ ആഗോള തലത്തില്‍ നടപ്പാക്കും.

പുതിയ നിര്‍ദേശം ഇന്ത്യക്കാരെ നേരിട്ട്‌ ബാധിക്കും. ചിലര്‍ സിംഗപ്പൂര്‍, തായ്‌ലന്‍ഡ്‌, ജര്‍മ്മനി എന്നിവിടങ്ങള്‍ വഴി വിസയ്‌ക്ക്‌ അപേക്ഷ നല്‍കിയിരുന്നു. വേഗത്തില്‍ അമേരിക്കയിലേക്ക്‌ യാത്ര ചെയ്യേണ്ട ഇന്ത്യക്കാരാണ്‌ ആ മാര്‍ഗം തേടിയത്‌. ബി1 (ബിസിനസ്സ്‌) , ബി2 (ടൂറിസം) വിസകള്‍ ഇനി അനായാസമാകില്ല.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഹൈദരാബാദ്‌, മുംബൈ എന്നിവിടങ്ങളില്‍ വിസ കാത്തിരിപ്പ്‌ സമയം 3.5 മാസവും കൊല്‍ക്കത്തയില്‍ 5 മാസവും ചെന്നൈയില്‍ ഒമ്പത്‌ മാസവുമായിരുന്നു. -പഴയ നിയമംമുമ്പ്‌, ടൂറിസ്‌റ്റുകള്‍ വിദേശത്ത്‌ അഭിമുഖങ്ങള്‍ ക്രമീകരിച്ചിരുന്നു, പ്രത്യേകിച്ച്‌ കോവിഡ്‌ -19 കാലത്ത്‌. 2021ല്‍ കോവിഡിനു ശേഷം യാത്ര പുനരാരംഭിച്ചപ്പോള്‍, ജര്‍മ്മനി പോലുള്ള മറ്റ്‌ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ബി1/ബി2 വിസ അഭിമുഖങ്ങള്‍ക്ക്‌ പോയിരുന്നു. അന്ന്‌ ഇന്ത്യയില്‍ ബി1/ബി2 വിസകള്‍ക്കുള്ള അഭിമുഖ കാത്തിരിപ്പ്‌ സമയം 15-20 മാസമായിരുന്നു.