തനിക്കു ജീവിക്കാനാവശ്യമായ പണം ആവശ്യപ്പെട്ട് കേസുകൊടുത്ത ഭാര്യ കോടതിക്കു പുറത്തുവച്ച് ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ . ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും കോടതിക്കു പുറത്തുവച്ച് മൂന്നുതവണ തലാഖ് ചൊല്ലിയപ്പോഴാണ് ചെരുപ്പൂരി തല്ലിയതെന്നും ഭാര്യ പറയുന്നു.
2018ലാണ് ഇവര്‍ വിവാഹിതരായത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ തനിക്കുനേരെ മര്‍ദനം ആരംഭിച്ചെന്നും ഒരുപാട് സഹിച്ചെന്നും ഭാര്യ വെളിപ്പെടുത്തി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് പീഡനം തുടങ്ങിയത്. രണ്ട് പെണ്‍മക്കള്‍ ജനിച്ച ശേഷം തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ഇവര്‍ പറയുന്നു. തനിക്ക് ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലെന്നും സാമ്പത്തികസഹായം വേണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. പിതാവിനൊപ്പം കോടതിയിലെത്തിയ ഭര്‍ത്താവ് യുവതിയെ പിന്തുടര്‍ന്നുവന്ന് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അടുത്തുവന്ന് മൂന്നുതവണ തലാഖ് ചൊല്ലുകയും മര്‍ദിക്കുകയും ചെയ്തതായി യുവതി ആരോപിക്കുന്നു.
സ്വയംപ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ ചെരുപ്പൂരി ഭര്‍ത്താവിനെ തല്ലിയതെന്നും ഇത് കണ്ടുനിന്നവരാരോ മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. എന്റെ ജീവിതം നശിപ്പിച്ചു, കുഞ്ഞുങ്ങളെ എന്നില്‍ നിന്നും അകറ്റി, ആ മനുഷ്യനോട് എനിക്ക് ദേഷ്യം തോന്നില്ലേയെന്നും യുവതി ചോദിക്കുന്നു. എനിക്കെന്റെ കുഞ്ഞുങ്ങളെ തിരിച്ചുവേണം, ആറും രണ്ടും വയസുള്ള കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കായും താന്‍ അവര്‍ക്കൊപ്പമുണ്ടായിരിക്കണമെന്നും യുവതി പറയുന്നു.




