Crime

‘നിന്നെ വിറ്റ് ഞാന്‍ ജീവിക്കുമെടീ’; 1000 രൂപയ്ക്ക് ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ചവച്ച് യുവാവ്; കേസ്

ആയിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ യുവാവ് സുഹൃത്തുക്കള്‍ക്ക് വിറ്റെന്ന് പൊലീസ്. പണം കൊടുത്ത് യുവതിയെ വാങ്ങിയ സുഹൃത്തുക്കള്‍ ഇവരെ കൂട്ടബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഫൈസാഗഞ്ചിലാണ് സംഭവം. 30കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്.

പാചക വാതക കണക്ഷന്‍ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടില്‍ നിന്നും വിളിച്ചിറക്കിയ 30-കാരിയായ യുവതിയെ ഭര്‍ത്താവ് കാട്ടുപ്രദേശത്ത് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. അവിടെ കാത്തുനിന്ന സുഹൃത്തുക്കളില്‍ നിന്ന് 1000 രൂപ വാങ്ങിയ ശേഷം അത്യാവശ്യ കാര്യത്തിന് വീട്ടില്‍ പോകുകയാണെന്നും സുഹൃത്തുക്കള്‍ ഗ്യാസ് ഏജന്‍സിയിലെത്തിക്കുമെന്നും പറഞ്ഞ് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു പോയി.

തുടര്‍ന്ന് പ്രതികള്‍ യുവതിയെ കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്തു. യുവതിയുടെ നിലവിളി തടയാനായി വായ പൊത്തിപ്പിടിച്ച പ്രതികള്‍, ഭര്‍ത്താവിന് പണം നല്‍കിയാണ് ഇവരെ വാങ്ങിയതെന്ന വിവരവും വെളിപ്പെടുത്തി. ആക്രമണത്തിന് ശേഷം അവശനിലയിലായ യുവതിയെ കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.

മുറിവേറ്റ നിലയില്‍ വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞപ്പോള്‍, “നിന്നെ വിറ്റ് ഞാന്‍ ജീവിക്കും” എന്ന ക്രൂരമായ മറുപടിയാണ് ലഭിച്ചത്. ഇതോടെ ബന്ധുക്കളുടെ സഹായത്തോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണം നല്‍കി യുവതിയെ പീഡിപ്പിച്ച രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *