ഗാസിയാബാദ്∙ യുപിയിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ അപ്പാർട്മെന്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം സംബന്ധിച്ച് വ്യക്തത വരുത്താൻ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്. 2015ൽ കുട്ടികളുടെ പിതാവ് ചേതൻ കുമാറിന്റെ ലിവ് ഇൻ പങ്കാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.
സാഹിബാബാദിലെ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണായിരുന്നു യുവതിയുടെ മരണം. എന്നാൽ, ഈ കേസിൽ വലിയ അന്വേഷണമുണ്ടായില്ല. ചേതന്റെ കുട്ടികളും ഇതേരീതിയിൽ മരിച്ചതോടെയാണ് പഴയ കേസിനെ കുറിച്ച് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ചേതൻ കുമാർ വിറ്റ മൊബൈൽ ഫോൺ കണ്ടെടുക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. സ്റ്റോക്ക് ബ്രോക്കറായി ജോലിചെയ്യുന്ന ചേതൻ കുമാറിന് ഏകദേശം രണ്ടുകോടിയോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
അതേസമയം കുട്ടികളുടെ പിതാവായ ചേതൻ കുമാറിന് മൂന്ന് ഭാര്യമാരുണ്ടെന്നും മരിച്ച മൂന്ന് കുട്ടികളുടെയും അമ്മമാർ വെവ്വേറെയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. സഹോദരിമാരായ മൂന്നു പേരെയാണ് ചേതൻ കുമാർ വിവാഹം കഴിച്ചത്. സുജാത, ഹീന, ടിന എന്നിവരാണ് ചേതൻകുമാറിന്റെ ഭാര്യമാർ. ഇതിൽ സുജാതയിലുണ്ടായ മകളാണ് നിഷിക (16). പ്രാച്ചിയും (14) പാഖിയും (12) ഹീനയുടെ മക്കളാണ്. ടിനയുമായുള്ള ബന്ധത്തിൽ ചേതൻ കുമാറിന് മക്കളില്ലെന്നാണു വിവരം.
കൊറിയൻ ഓൺലൈൻ ഗെയിമുകളോടും കൊറിയൻ വിനോദ പരിപാടികളോടും കുട്ടികൾക്ക് ഉണ്ടായിരുന്ന അമിതമായ ആസക്തിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുെട മൊബൈൽ ഫോൺ ഉപയോഗം പിതാവ് വിലക്കിയതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
കറന്റ് ബിൽ അടക്കാൻ കുട്ടികളുടെ മൊബൈൽ ചേതൻ കുമാർ വിറ്റിരുന്നതായും റിപ്പോർട്ടുണ്ട്. കുട്ടികൾ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പില് കൊറിയൻ സംസ്കാരത്തെ കുറിച്ച് കുട്ടികൾക്കുള്ള ഇഷ്ടത്തെക്കുറിച്ച് പറയുന്നുണ്ട്. പിതാവിനോടാണ് കുട്ടികൾക്ക് കൂടുതൽ അടുപ്പമുണ്ടായിരുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പ് സൂചിപ്പിക്കുന്നത്. കുറിപ്പുകളിൽ എവിടെയും അമ്മമാരെക്കുറിച്ച് കുട്ടികൾ പരാമർശിച്ചിരുന്നില്ല.




