Crime

തെരുവ്‌നായയെ കെട്ടിയിട്ട് തല്ലിക്കൊല്ലുന്ന ഞെട്ടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമത്തില്‍ ; ശക്തമായ പ്രതിഷേധം

ഉത്തര്‍പ്രദേശ് ജാന്‍സിയില്‍ ഒരാള്‍ തെരുവ്‌നായയെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മൃഗ സ്‌നേഹികളുടെ കടുത്ത പ്രതിഷേധം അരങ്ങേറുന്നുണ്ട്. മര്‍ദ്ദനത്തിന്റെ ആരോ ക്യാമറയില്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന വീഡിയോദൃശ്യങ്ങള്‍ വൈറലാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നായയുടെ അവസാനശ്വാസം വരെ ഇയാള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കാണാനാകും. നിര്‍ദ്ദയമായി ഒരാള്‍ നായയെ തല്ലിക്കൊല്ലുന്നതാണ് വീഡിയോയിലുള്ളത്. കെട്ടിയിട്ടിരിക്കുന്നതിനാല്‍ നായയ്ക്ക് അനങ്ങാന്‍ പോലും കഴിയാത്ത നിലയലാണ്. തലയിലും ദേഹത്തുമെല്ലാം വലിയൊരു തടിക്കഷ്ണം കൊണ്ടാണ് അടിക്കുന്നത്. നായയുടെ ചലനം നിലച്ച ശേഷമാണ് അടി നിര്‍ത്തുന്നത്.

തന്റെ മൂന്ന് ആട്ടിന്‍കുട്ടികളെ നായ കൊന്നുതിന്നു എന്നാരോപിച്ചായിരുന്നു ഈ കാടത്തം. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മൃഗ സ്‌നേഹികള്‍ പോലീസില്‍ പരാതി നല്‍കി. കര്‍ശനമായ നടപടിയെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നായയെ തല്ലിക്കൊന്നയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് വിവരം. സംഭവം കേസായതോടെ ഇയാള്‍ മുങ്ങാന്‍ ശ്രമം നടത്തിയിരുന്നു.