കൊല്ലം: അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യം നല്‍കിയത്. കേരളംവിട്ടുപോകരുത്, പത്തനംതിട്ട ജില്ലയില്‍ കയറരുത് തുടങ്ങി അനേകം നിയന്ത്രണങ്ങളാണ് വെച്ചിട്ടുള്ളത്.
പത്തനംതിട്ടയില്‍ കയറരുത് എന്നതാണ് പ്രധാന നിബന്ധന. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, കേരളം വിട്ടു പുറത്തുപോകരുത്, ആഴ്ചയില്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. അന്വേഷണത്തെ ബാധിക്കുന്ന ഇടപെടല്‍ നടത്തരുത്. തെളിവുകള്‍ നശിപ്പിക്കരുത്, രണ്ടുലക്ഷം രൂപയുള്ള രണ്ടുപേരുടെ ആള്‍ജാമ്യം തുടങ്ങിയ ഉപാധികളാണ് വെച്ചിട്ടുള്ളത്.
ഇതോടെ ഉണ്ണികൃഷ്ണന്‍പോറ്റിക്ക് തിരുവനന്തപുരം വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ജയില്‍ മോചിതനാകും. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ കേസില്‍ ഇതുവരെ നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നാല് പ്രതികള്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. ദ്വാരപാലക കേസില്‍ ജാമ്യം ലഭിച്ച് ഒരു മാസം പിന്നിടും മുന്‍പാണ് രണ്ടാമത്തെ കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ദ്വാരപാലക കേസില്‍ ഇക്കഴിഞ്ഞ ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചത്.
ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ കൂടുതല്‍ കേസുകളെടുക്കാനുള്ള എസ്ഐടിയുടെ നീക്കം പാളി. സാമ്പത്തിക തട്ടിപ്പില്‍ കേസുകളെടുക്കാനുള്ള നീക്കം എസ്ഐടി ഉപേക്ഷിച്ചു. പരാതിക്കാര്‍ വീണ്ടും വരാന്‍ തയ്യാറാകാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിലുള്ള റിയല്‍ എസ്റ്റേറ്റ്, ചെക്ക് കേസുകള്‍ ഒത്തുതീര്‍പ്പായി. കോടതിയില്‍ തിരിച്ചടിയാകുമെന്നും എസ്ഐടി വിലയിരുത്തുന്നു. പുതിയ പരാതിക്കാരെ കണ്ടെത്താനാവാത്തതും തിരിച്ചടിയാണ്. ഇതോടെ പുറത്തിറങ്ങുന്ന പോറ്റിയെ അറസ്റ്റ് ചെയ്യാനാവില്ല.




