Crime

പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ 18 കാരന്‍; 2ലക്ഷം കൊടുത്ത് IPSകാരനായെന്ന് വാദം

ഐപിഎസ് ഓഫീസറായി നിയമനം ലഭിക്കാന്‍ ഒരാള്‍ക്ക് 2 ലക്ഷം രൂപ നല്‍കിയെന്ന് 18 കാരന്റെ അവകാശവാദം. പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ മിഥ്‌ലേഷ് കുമാര്‍ മാഞ്ചി എന്ന 18 കാരനാണ് ഇക്കാര്യം അവകാശപ്പെട്ടത്. ദേശീയ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മിഥ്‌ലേഷ് കുമാറിന്റെ ഒരു വീഡിയോ പങ്കിട്ടതോടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

സെപ്തംബര്‍ 20 ന് ബീഹാറിലെ ജാമുയിയ പോലീസ് സ്റ്റേഷനിലാണ് യുവാവ് ഐപിഎസ് ഓഫീസറുടെ വേഷം ധരിച്ച് തോക്കുമായി ഹാജരായത്. ഇയാള്‍ വ്യാജനാണെന്ന് പോലീസ് കണ്ടെത്തി. തന്നെ ഐപിഎസ് ഉദ്യോഗസ്ഥനാകാന്‍ സഹായിക്കുന്നതിനായി മനോജ് സിംഗ് എന്നയാള്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കിയെന്നാണ് ആരോപണം. നിരവധി ആളുകള്‍ യുവാവിനോട് സഹതപിച്ചെങ്കിലും പോലീസ് ആ കഥ അത്ര വിശ്വസിച്ചില്ല. മാത്രമല്ല അന്വേഷണത്തില്‍ മാഞ്ചി ആര്‍ക്കും 2 ലക്ഷം രൂപ നല്‍കിയതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് ബിഹാര്‍ പോലീസ് പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് താന്‍ സിംഗിനെ കണ്ടുവെന്നും ഐപിഎസ് ഓഫീസറാകാന്‍ പണം നല്‍കാനായി അമ്മാവനില്‍ നിന്ന് പണം കടം വാങ്ങിയെന്നുമാണ് പയ്യന്റെ ഭാഷ്യം. തനിക്ക് ധരിക്കാനും പോലീസ് സ്റ്റേഷനില്‍ പോകാനുമുള്ള യൂണിഫോം തന്നതും സിംഗാണെന്ന് മാഞ്ചി പറഞ്ഞു. അന്വേഷണത്തിനിടെ സിങ്ങിന്റെ മൊബൈല്‍ നമ്പറും ഇയാള്‍ പോലീസിന് നല്‍കിയിരുന്നു.

പോലീസ് മാഞ്ചിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. തട്ടിപ്പുനടത്തയെന്ന് പറയുന്ന സിംഗിന് വേണ്ടി തെരച്ചില്‍ തുടങ്ങി. എന്നാല്‍ മാഞ്ചി പറഞ്ഞ കഥ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന് ബിഹാര്‍ പോലീസ് പറഞ്ഞു.

സിംഗ് നല്‍കാനായി പണം കടം നല്‍കിയെന്ന് അവകാശപ്പെട്ട മാമനോട് പോലീസ് ചോദിച്ചപ്പോള്‍ പണം നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ അമ്മയുടെ ചികിത്സയ്ക്കായി 60,000 രൂപയും വീട് പണിയാന്‍ 45,000 രൂപയും കുടുംബത്തിലെ വിവാഹ സമയത്ത് 50,000 രൂപയും നല്‍കിയിരുന്നെങ്കിലും ജോലി ലഭിക്കാന്‍ അയാള്‍ ഒരിക്കലും പണം നല്‍കിയില്ലെന്നും അമ്മാന്‍ പറഞ്ഞു.

ഇതിനുശേഷം, മാഞ്ചി പറഞ്ഞ പ്രദേശത്ത് താമസിക്കുന്ന മനോജ് സിംഗ് എന്ന് പേരുള്ള എല്ലാവരേയും പോലീസ് ബന്ധപ്പെട്ടു. എന്നാല്‍ ആരെയും തിരിച്ചറിയാന്‍ മാഞ്ചിക്ക് കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *