കേരളത്തില്‍ ഏറ്റവും സുലഭമായി ലഭ്യമാകുന്ന ലഹരി പാനീയമാണ് കള്ള്. പലപ്പോഴും ഇന്ത്യാ സന്ദർശനത്തിന് എത്തുന്ന വിദേശ സഞ്ചാരികൾ ഇവ പരീക്ഷിക്കുന്നതും പതിവാണ്. ഇപ്പോഴിതാ ഇത്തരത്തിൽ ഇന്ത്യ സന്ദർശനത്തിനിടെ കേരളത്തിലെ ഒരു ലോക്കൽ ഷാപ്പിൽ കയറി ഒരു ഗ്ലാസ് കള്ള് പരീക്ഷിച്ച ശേഷം തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു സ്കോട്ടലൻഡ് സ്വദേശി. സത്യസന്ധമായി കള്ളിനെക്കുറിച്ചുള്ള അവലോകനം നടത്തിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
@hugh. abroad എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഹ്യൂ എന്ന യുവാവാണ് തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ റോഡരികിലെ ഒരു ഷാപ്പിൽ കയറി ഹ്യൂ ഇരിക്കുന്നതാണ് കാണുന്നത്. തുടർന്ന് കയ്യിൽ ഒരു ഗ്ലാസ് കള്ള് എടുത്ത് യുവാവ് ആവേശത്തോടെ അത് കുടിക്കാൻ ശ്രമിക്കുന്നു. എന്നാൽ അല്പം കുടിച്ചതും യുവാവിന്റെ മുഖ ഭാവം മാറി.
കള്ളിന്റെ രുചി ഹ്യൂവിന് ബോധിച്ചില്ല എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. തുടർന്ന് രണ്ടുമൂന്ന് സിപ് കൂടി എടുക്കാൻ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും കള്ളിന്റെ പുളിപ്പ് രുചി ഹ്യൂവിൽ മതിപ്പുളവാക്കുന്നില്ല. താൻ ഇനി ഈ പാനീയം കുടിക്കില്ലെന്ന് യുവാവ് പറയുന്നു.
തുടര്‍ന്ന് മലയാളിയുടെ ഇഷ്ടഭക്ഷണമായ ഷാപ്പിലെ ഊണും ഇയാള്‍ പരീക്ഷിക്കുന്നുണ്ട്. ചോറിനൊപ്പം പ്ലേറ്റില്‍ ഉണ്ടായിരുന്ന മീന്‍ വറുത്ത് എടുത്ത് കടിച്ച് വല്ലാത്ത ഉപ്പാണെന്ന് പറഞ്ഞ് മാറ്റിവയ്ക്കുന്നു. മീന്‍ കറിയിലെ മീനെടുത്ത് മുള്ളോടുകൂടി കടിച്ചിറക്കാനും നോക്കുന്നുണ്ട്. കറിയൊഴിച്ച് കുറെ ചോറ് വാരിക്കഴിച്ച് സായിപ്പ് പതുക്കെ എഴുന്നേല്‍ക്കുകകയാണ്. ഇനി മേലില്‍ കള്ളടിയില്ലെന്ന് പറഞ്ഞ് പുറത്തേയ്ക്ക്.
പനയിൽ നിന്നും തെങ്ങില്‍ നിന്നും ചെത്തിയെടുക്കുന്ന കള്ള് ഇന്ത്യയിൽ പ്രത്യേകിച്ചും തെക്കൻ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപകമായി ഉപയോഗിക്കുന്ന ലഹരി പാനീയമാണ്.
നിമിഷ നേരങ്ങൾക്കുള്ളിലാണ് ഹ്യൂവിന്റെ വീഡിയോ വൈറലായി മാറിയത്. വീഡിയോ ഇതിനോടകം മൂന്നു ലക്ഷത്തിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി രംഗത്തെത്തിയത്.
‘കേരളത്തിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ നിങ്ങളെ ഗൈഡ് ചെയ്യാന്‍ ആരെങ്കിലും കൂടെ ഉള്ളതാണ് നല്ലത്” ഒരാൾ കുറിച്ചു. ഒരു ഉപയോക്താവ് എഴുതി, അവിടുത്തെ ലോക്കൽ ആളുകൾ നിങ്ങൾക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ നിങ്ങൾക്ക് നല്ല രീതിയിൽ കള്ള് ആസ്വദിക്കാൻ കഴിയുമായിരുന്നു.
” കള്ള് വെറുതെ കുടിക്കരുത്.. രുചികരമായ ഭക്ഷണത്തിനൊപ്പം വേണം അത് ആസ്വദിക്കാൻ” മറ്റൊരു ഉപഭോക്താവ് കുറിച്ചു.