വേനല്ക്കാലമായി. ചര്‍മ രോഗങ്ങളുമായി ആളുകള്‍ ബുദ്ധിമുട്ടുന്ന സമയമാണിത്. എന്നാല്‍ ഈ സമയത്ത് പലരും കാലുകളുടെ സംരക്ഷണത്തെപ്പറ്റി മറന്നുപോകാറാണ് പതിവ്. വളരെ വൃത്തിയുള്ള കാല്പാദങ്ങള് സ്വന്തമാക്കുന്നതിനായി ദിവസം കുറച്ച് സമയം മാറ്റിവെച്ചാല്‍ മാത്രം മതി.
വേനല്‍ക്കാലത്ത് കാല്പാദങ്ങള് പുറത്ത് കാണുന്ന രീതിയിലുള്ള ചെരിപ്പു ധരിച്ചാല്‍ നേരിട്ട് സൂര്യരശ്മികള്‍ കാലില്‍ പതിക്കാനിടയുള്ളതിനാല് വെയില്‍കൊണ്ട് കരിവാളിക്കാനുള്ള സാധ്യതയുണ്ട്.
ചിലര്‍ക്കാവട്ടെ വേനല്‍ക്കാലത്ത് കൈപ്പത്തിയും കാല്പാദവും നന്നായി വിയര്‍ക്കാറുണ്ട്. സാധാരണ പാദരക്ഷകളാണ് ധരിക്കുന്നതെങ്കില്‍ വിയര്‍പ്പ് കൊണ്ട് ചെരുപ്പ് കാലില്‍ നിന്നും ഊരിപ്പോകാനുള്ള സാധ്യതയുണ്ട്.പിന്നില്‍ ബെല്‍റ്റുള്ള തരത്തിലുള്ള ചെരുപ്പാണ് ധരിക്കുന്നതെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാനായി സാധിക്കും.
വേനല്‍ക്കാലത്ത് ഷൂസ് ധരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വൃത്തിയുള്ള സോക്സ് ധരിച്ചതിന് ശേഷം ഷൂസ് ധരിക്കാം. എന്നാല്‍ രാവിലെ മുതല്‍ രാത്രിവരെ ഷൂസ് ധരിക്കുമ്പോള്‍ കാലിലെ വിയര്‍പ്പ് സോക്സില്‍ പറ്റിയുള്ള ദുര്‍ഗന്ധം പ്രശ്നമാകും. ഷൂസ് കുറച്ച് സമയമെങ്കിലും അഴിച്ച് മാറ്റാനായി ശ്രദ്ധിക്കണം.
വേനല്‍ക്കാലത്ത് കഠിനമായി വ്യായാമങ്ങള്‍ ഒഴിവാക്കാം. നടപ്പ്, നീന്തല്‍ പോലുള്ളവ ചെയ്യാം.കാലിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനായി ചെറിയവ്യായാമങ്ങള് സഹായിക്കുന്നു. ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.
കാല് മസിലുകളുടെ വേദനയും നീര്‍ക്കെട്ടും കുറയ്ക്കാനായി 10 മിനിറ്റ് തണുത്ത വെള്ളത്തില്‍ കാല് മുക്കി വയ്ക്കാം. എന്നാല്‍ കാലുകളുടെ ഭംഗികൂട്ടാനായി ആഗ്രഹിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ചൂട് വെള്ളം ഉപയോഗിക്കണം. കല്ലുപ്പും ഷാംപൂവും അടങ്ങിയ മിശ്രിതം ചെറിയ ചൂട് വെള്ളത്തില്‍ കലര്‍ത്തി 10 മിനിറ്റ് കാല്പാദങ്ങള് മുക്കിവെയ്ക്കണം. പിന്നീട് പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് മൃതകോശങ്ങളെ ഉരച്ച് കളയാം. നഖങ്ങളും വിരലുകളും വൃത്തിയാക്കണം.പിന്നീട് സാധാരണ വെള്ളത്തില്‍ കാല് കഴുകാവുന്നതാണ്.
കാലുകള്‍ക്കും സണ്‍സ്ക്രീം ഉപയോഗിക്കണം. അത് താല്പര്യമില്ലെങ്കില് വെയിലത്ത് പോയി വന്നാല്‍ ഉടനെ തൈര് പുരട്ടാം. അല്ലെങ്കില്‍ കടലമാവ്, തേന്‍, പാല്‍പ്പാട തുടങ്ങി ഉപയോഗിച്ചും കാലുകളെ സംരക്ഷിക്കാം. പുറത്ത് പോയി വന്നാല്‍ ഉടനെ കാലുകള്‍ കഴുകി മൊയ്സ്ചറൈസിങ് ക്രീം പുരട്ടാം. രാത്രി കിടക്കുന്നതിന് മുമ്പും ഇങ്ങനെ ചെയ്യാം. വെള്ളം നന്നായി കുടിക്കണം.
അരിപ്പൊടി, പഞ്ചസാര , കാപ്പിപൊടി പാല് , തൈര്, തേന്‍ എന്നിവ യോജിപ്പിച്ച് കാല്പാദങ്ങളില് പുരട്ടി നന്നായി മസാജ് ചെയ്യാം. കാലുകള്‍ മൃദുവാക്കാനായി ഇത് സഹായിക്കും.കാലുകള്‍ പോലെ ചെരുപ്പും ഷൂസും സോക്സും എല്ലാ ദിവസവും വൃത്തിയാക്കാനായി ശ്രദ്ധിക്കണം. സോക്സുകളും നന്നായി കഴുകി ഉണക്കാനായി ശ്രദ്ധിക്കണം. പാദങ്ങളില്‍ കുമളകളോ മുറിവുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ ചര്‍മരോഗ വിദഗ്ധന്റെ സഹായം തേടണം