കുത്തുപറമ്പ്: ബാങ്ക് വായ്‌പയെടുത്തു നല്‍കിയതു മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ വയോധികന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്‌റ്റില്‍. പാതിരിയാട് സ്വദേശി ഷാജി, കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ്‌കുട്ടി എന്നിവരാണ് അറസ്‌റ്റിലായത്.
ഒരു വര്‍ഷത്തിലേറെ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായി. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളിലൂടെയാണു മുഖ്യപ്രതി ഷാജി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി അതു മുതലെടുക്കുകയായിരുന്നു.
പ്ലസ്‌ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ പാസായ പെണ്‍കുട്ടി കുടുംബത്തിലെ ബുദ്ധിമുട്ട് കാരണം ആഗ്രഹിച്ച തുടര്‍പഠനത്തിനു സാധിച്ചിരുന്നില്ല. ഇതുമനസിലാക്കി വായ്‌പയെടുത്തു നല്‍കാമെന്ന് കുട്ടിക്ക് വാഗ്‌ദാനം നല്‍കുകയായിരുന്നു. അഹമ്മദ്‌കുട്ടിയുടെയും ജിനേഷിന്റെയും സഹായത്തോടെ ബാങ്കില്‍നിന്ന് 25,000 രൂപ വിദ്യാഭ്യാസ ആവശ്യത്തിനു വായ്‌പ എടുത്തുനല്‍കി. ഇതിന്റെ പേരിലായിരുന്നു ചൂഷണം. ബംഗളൂരുവില്‍ പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍വച്ചു പീഡിപ്പിക്കുകയായിരുന്നു.