വിവാഹം കഴിഞ്ഞ് വരന്റെ ഗൃഹത്തിലേക്ക് പോകുമ്പോള്‍ വധുവും അവളുടെ കുടുംബവും വൈകാരികമായ അവസ്ഥയില്‍ പെട്ടുപോകുന്നത് നമ്മുടെ നാട്ടില്‍ പതിവു കാഴ്ചയാണ്. എന്നാല്‍ ചൈനയില്‍ ഇത് ആചാരമാക്കി ഉപയോഗിക്കുന്ന ജനവിഭാഗങ്ങളുണ്ട്. ചൈനയില്‍ ഒരു പരമ്പര്യാചാരമായി മാറിയിട്ടുള്ള ഈ ദു:ഖം വിവാഹത്തിന് രണ്ടാഴ്ച മുമ്പ് തന്നെ തുടങ്ങും.
തുജിയ, യി, ഷുവാങ് തുടങ്ങിയ വംശീയ വിഭാഗങ്ങളും മറ്റ് നിരവധി വിഭാഗങ്ങളുമാണ് ചൈനയില്‍ ഈ ചടങ്ങ് ആചരിക്കുന്നത്. സാധാരണയായി വിവാഹത്തിന് ഒരാഴ്ച മുമ്പ് നടക്കുന്ന ചടങ്ങില്‍ വധു കരയാന്‍ തുടങ്ങുകയും ഇടയ്ക്കിടെ പാടുകയും ചെയ്യും. ബന്ധുക്കളും അയല്‍ക്കാരും ഈസമയത്ത് കല്യാണവീട് സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ കൊണ്ടുവരികയുമൊക്കെ ചെയ്യും.
ഈ സമ്മാനത്തിനും വധു കരയുകയും കണ്ണുനീര്‍ ഉപയോഗിച്ച് നന്ദി പ്രകടിപ്പിക്കുകയും ചെയ്യും. ഈ വൈകാരിക പ്രകടനങ്ങള്‍ വിവാഹത്തിന് തലേന്ന് രാത്രിയും ഉണ്ടാകും. വധുവിനെ വിവാഹദിവസം പുതിയ വീട്ടിലേക്ക് കൊണ്ടുപോകുന്നതുവരെ ഇത് തുടരുകയും ചെയ്യുന്നു. ആചാരാനുഷ്ഠാനങ്ങള്‍ പുരോഗമിക്കുമ്പോള്‍ വധുക്കള്‍ മാതാപിതാക്കളോട് നന്ദി പ്രകടിപ്പിക്കും. സഹോദര ബന്ധങ്ങളെപ്പറ്റിയുള്ള പാട്ടുകള്‍ പാടും. യൗവ്വനത്തില്‍ പാഴാക്കിയ ദിവസങ്ങളെക്കുറിച്ച് വിലപിച്ചും പാടും.