ബഹുഭാര്യാത്വം ആഫ്രിക്കയില്‍ സാധാരണമാണ് . കെനിയയിലെ ‘പോളിഗമി രാജാവ്’ എന്നറിയപ്പെടുന്ന അകുകു ഡാങ്കറിന്റെ ജീവിതത്തോടു സമാനമായ ജീവിതരീതി പിന്തുടരുന്ന യുവാവിന്റെ ജീവിതമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഈ യുവാവിന്റെ ആറു ഭാര്യമാർ ഒരേസമയം ഗർഭിണിമാരായത് മാധ്യമങ്ങളിൽ വലിയ തലക്കെട്ടായിരുന്നു. ഇപ്പോഴിതാ ആറ് കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആ കുടുംബം.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ ഗർഭിണികളെയും ഇവരുടെ ഭര്‍ത്താവിനെയും കാണാം. ഇവരിൽ രണ്ടു പേർ ഏഴുമാസവും നാലുപേർ അഞ്ചുമാസവും ഗർഭിണികളാണ്. വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എങ്ങനെയാണ് ആറുകുഞ്ഞുങ്ങളെ ഒരേസമയം ഈ കുടുംബം സ്വീകരിക്കുക എന്നത് കൗതുകമുണർത്തുന്ന കാര്യമാണെന്നാണ് വിഡിയോ വൈറലായതോടെ ചിലരുടെ പ്രതികരണം.
വീട് ഒരു സ്വകാര്യ മേറ്റേണിറ്റി വാർഡായി ഒരുക്കാനുള്ള തയാറെടുപ്പിലാണ് യുവാവെന്ന് അയൽവാസികൾ പറഞ്ഞു. ആഫ്രിക്കയിലെ ഗോത്രവർഗക്കാരായ ഈ കുടുംബത്തിന്റെ ജീവിതം വളരെ പ്രയാസകരമാണ്. ഈ സ്ത്രീകളുടെ ആരോഗ്യനില പരിശോധിക്കണം. മിക്കവരെയും ഗർഭകാലത്തെ പ്രശ്നങ്ങൾ അലട്ടുന്നതാണ് ഭര്‍ത്താവായ യുവാവ് നേരിടുന്ന പ്രതിസന്ധി. ഈ സ്ത്രീകൾക്ക് പോഷകാഹാര കുറവുണ്ടാകുമെന്നും ചിലർ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ മനുഷ്യരാണെന്നും അവരെ മൃഗങ്ങളായി കാണരുതെന്ന രീതിയിലും വിമർശനമുയർന്നു. ബഹുഭാര്യാത്വം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും ചിലർ കമന്റ് ചെയ്തു.




