ഇന്ത്യയിൽ തന്നെ എല്ലായിടത്തും കൊതുകുകളെ കാണാം. കേരളത്തിലെ ഈർപ്പമുള്ള തീരപ്രദേശങ്ങൾ മുതൽ ഡൽഹി, മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങൾ, ഹിമാചൽ പ്രദേശിലെ തണുപ്പുള്ള പ്രദേശങ്ങൾ, അങ്ങനെ കാശ്മീർ വരെ…
എന്നാൽ കൊതുകുകളില്ലാത്ത ഒരു അസാധാരണ സ്ഥലമുണ്ട് . ഒരു തരത്തിലുമുള്ള കൊതുകുകളില്ലാത്ത ഭൂമിയിലെ ഏക രാഷ്ട്രമാണ് ഐസ്‌ലാൻഡ്. കൊതുകുകൾ മാത്രമല്ല പാമ്പുകളോ മറ്റ് ഇഴജന്തുക്കളോ ഐസ്‌ലൻഡിൽ ഇല്ല. അതുകൊണ്ടാണ് ഐസ്‌ലാൻഡിനെ “പാമ്പുകളില്ലാത്ത രാജ്യം” എന്ന് വിളിക്കുന്നത്.
ഏറ്റവും രസകരം എന്തെന്നാൽ , ഐസ്‌ലാൻഡിൽ 1300 വ്യത്യസ്ത ജന്തുജാലങ്ങളും , ഇവയ്ക്ക് പുറമെ തടാകങ്ങൾ, കുളങ്ങൾ, തണ്ണീർത്തടങ്ങൾ, എല്ലാമുണ്ട് ,എന്നിട്ടും കൊതുകുകൾ ഇവിടെ അതിജീവിക്കുന്നില്ല എന്നതാണ് വസ്തുത.
റിപ്പോർട്ടുകൾ പ്രകാരം, ഐസ്‌ലൻഡിലെ വേഗത്തിൽ മാറുന്ന കാലാവസ്ഥയും തണുപ്പും കൊതുകുകൾക്ക് അതിജീവിക്കാൻ സാധിക്കാത്തതാണ് ഇതിനു കാരണം. ഇത് കൊതുകിന്റെ മുട്ട വളർച്ചയ്ക്കും വിരിയിക്കലിനും ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവയെ അപേക്ഷിച്ച്, ഐസ്‌ലൻഡില്‍ കൊതുകുകളില്ല, പാമ്പുകളില്ല, വൃത്തിയുള്ളതും തണുത്തതുമായ പ്രകൃതി മാത്രം.
പാമ്പുകളോ മറ്റ് ഇഴജന്തുക്കളോ ഇല്ലാത്ത ഐസ്‌ലൻഡ്
പൊതുവേ, കൊതുകുകൾ ആഴം കുറഞ്ഞതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിലാണ് പ്രജനനം നടത്തുന്നത്. അവയുടെ മുട്ടകൾ വിരിഞ്ഞ് ലാർവകളായി മാറുന്നു. ഈ പ്രക്രിയയ്ക്ക് കൊതുകുകൾ സാധാരണയായി ആശ്രയിക്കുന്നത് സ്ഥിരതയുള്ള താപനിലയെയാണ്. എന്നാൽ ഐസ്‌ലാൻഡിലെ സാഹചര്യങ്ങൾ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കെട്ടിക്കിടക്കുന്ന വെള്ളം ഇവിടെ അധികകാലം നിലനിൽക്കില്ല. അതിന് കാരണമാകട്ടെ ഐസ്‌ലാൻഡിന്റെ സ്വാഭാവിക ഡ്രെയിനേജ് സംവിധാനങ്ങളും വേഗത്തിൽ ഒഴുകുന്ന ജല സംവിധാനങ്ങളുമാണ് . അതുകൊണ്ട് തന്നെ കൊതുകുകളുടെ പ്രജനന അന്തരീക്ഷം സൃഷ്ടിക്കാൻ വെള്ളം വേണ്ടത്ര നേരം ഇവിടെ കെട്ടിനിൽക്കില്ല.
കുറഞ്ഞ ജനസാന്ദ്രത: ഐസ്‌ലാൻഡിൽ വീടുകളും ആളുകളും വളരെ കുറവാണ്. കൊതുകുകളുടെ പ്രജനനത്തെ പിന്തുണയ്ക്കുന്ന മനുഷ്യനിർമിത അന്തരീക്ഷങ്ങൾ മിക്കവാറും ഇവിടെ ഇല്ല.
വളരെ കുറഞ്ഞ താപനില : കൊതുകുകളുടെ മുട്ടകളുടെയോ ലാർവകളുടെയോ നിലനിൽപ്പിനെ താപനില പ്രതികൂലമായി ബാധിക്കും. ഐസ്‌ലാൻഡിൽ താപനില വളരെ കുറവാണ്. രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില -38 °C ആണ്.
ഈ സാഹചര്യങ്ങളിൽ കൊതുകുകൾക്ക് ജൈവശാസ്ത്രപരമായി അതിജീവിക്കാനോ പുനരുൽപ്പാദിപ്പിക്കാനോ കഴിയില്ല. രസകരമെന്നു പറയട്ടെ, ഐസ്‌ലൻഡിൽ ഒരു പ്രാണിയുണ്ട്, അത് കൊതുകിനെ പോലെ കാണപ്പെടുന്നു, പക്ഷേ സ്വഭാവത്തിൽ അവ തികച്ചും വ്യത്യസ്തമാണ് – അത് കടിക്കില്ല, രോഗങ്ങൾ പരത്തുന്നില്ല. അത് ഒരു കൊതുകുമല്ല!
ചുരുക്കത്തിൽ, ശുദ്ധമായ ആവാസവ്യവസ്ഥ, വേഗത്തിൽ വെള്ളം ഒഴുകുന്ന സംവിധാനങ്ങൾ, തണുത്ത അന്തരീക്ഷം എന്നിവ കാരണം ഐസ്‌ലൻഡ് കൊതുകുകളിൽ നിന്ന് മുക്തമാണ്.




