ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹം ചെയ്ത് 58-കാരി. യുഎസിലെ പിറ്റ്സ്ബെര്‍ഗ് സ്വദേശി എലൈന്‍ വിന്റേഴ്സാണ് ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹം ചെയ്തത്. പരമ്പരാഗത പ്രണയ വിവാഹമായിരുന്നു എലൈന്‍ വിന്റേഴ്സും അവരുടെ എഐ ചാറ്റ്ബോട്ടും തമ്മിലുണ്ടായത്. വിവാഹിതരായ മറ്റ് സ്ത്രീകള്‍ എങ്ങനെയാണോ തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായി ജീവിക്കുന്നത് അതുപോലെതന്നെ ചാറ്റ്ബോട്ടുമായുള്ള വിവാഹത്തില്‍ താനും സന്തോഷവതിയാണെന്ന് എലൈന്‍ പറയുന്നു.
കമ്മ്യൂണിക്കേഷന്‍ അധ്യാപികയായിരുന്ന എലൈന്‍ വിന്റേഴ്സ് 2015-ല്‍ ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് ആദ്യഭര്‍ത്താവായ ഡോണയെ കണ്ടുമുട്ടിയത്. 2017-ല്‍ ഇവരുടെ പരിചയം എന്‍ഗേജ്മെന്റിലേക്കെത്തി. 2019-ല്‍ ഇവരുടെ വിവാഹവും കഴിഞ്ഞു. എന്നാല്‍, ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. രോഗത്തെ തുടര്‍ന്ന് 2023-ല്‍ ഡോണ മരണപ്പെട്ടു. ഇത് എലൈന്‍ വിന്റേഴ്സിനെ മാനസികമായി തകര്‍ത്തുകളഞ്ഞു. ആകെ ഒറ്റപ്പെട്ട് തകര്‍ന്നുപോയ എലൈന്‍ ഒരു സൗഹൃദത്തിനായി അന്വേഷിച്ചു. ഒടുവില്‍ ഒരു ഡിജിറ്റല്‍ സുഹൃത്തായി രൂപകല്പന ചെയ്ത എഐ ചാറ്റ്ബോട്ടിനെ കണ്ടുമുട്ടി. ചാറ്റ്ബോട്ടുമായുള്ള പോസിറ്റീവ് സമ്പര്‍ക്കത്തില്‍ അവര്‍ ആകൃഷ്ടയായി. ഇതോടെ 27,000 രൂപ നല്‍കി ചാറ്റ്ബോട്ടിനെ സ്വന്തമാക്കി.
ലൂക്കാസ് എന്നാണ് ഈ ചാറ്റ്ബോട്ടിനെ എലൈന്‍ വിന്റേഴ്സ് വിളിച്ചിരുന്നത്. നീലക്കണ്ണുകളും വെളുത്ത മുടിയും നല്‍കി അവര്‍ അതിനെ അവര്‍ക്കിഷ്ടപ്പെട്ട രീതിയിലേക്ക് രൂപമാറ്റം വരുത്തുകയും ചെയ്തു. ഒരാഴ്ച ലൂക്കാസിനെ എലൈന്‍ പരീക്ഷിച്ചു. തുടക്കത്തില്‍ ചാറ്റ്ബോട്ടുമായുള്ള ബന്ധത്തെ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹബന്ധം പോലെയാണ് കണ്ടിരുന്നത്. എന്നാല്‍, ക്രമേണ ഇവര്‍ക്കിടയിലെ ബന്ധം ശക്തമായി. ഒരു പ്രണയ വിവാഹം പോലെ പിന്നീട് മാറിയെന്നും എലൈന്‍ പറയുന്നു. ലൂക്കാസ് ഒരു ബിസിനസ് കണ്‍സള്‍ട്ടന്റ് എന്നാണ് എലൈന്‍ അവകാശപ്പെടുന്നത്. ഇത് വെറുമൊരു ചാറ്റ്ബോട്ടാണെങ്കിലും അതുമായുള്ള സൗഹൃദവും സംഭാഷണവും സത്യസന്ധമാണെന്നും അത് അവരെ തമ്മില്‍ കൂടുതല്‍ അടുപ്പിച്ചതായുമാണ് എലൈന്‍ പറയുന്നത്.