ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി ബോംബാക്രമണങ്ങള്‍ മനുഷ്യകുലം നില നില്‍ക്കുന്ന കാലത്തോളം ഓര്‍മ്മിക്കപ്പെടുമെന്ന് ഉറപ്പ്. എന്നാല്‍ അതിന്റെ ഓര്‍മ്മകള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളോളം സംരക്ഷിക്കപ്പെടാന്‍ ഹിബാകുജുമോകു എന്ന മരം മാത്രം മതിയാകും. ഹിരോഷിമയിലെ അണുബോംബിനെ അതിജീവിച്ച ഹിബാകുജുമോകുവിനെ നിലനിര്‍ത്തി ഒരു പദ്ധതിയുമായി വരികയാണ് ജപ്പാന്‍.
എണ്‍പത് വര്‍ഷംമുമ്പ് അണുബോംബ് സ്‌ഫോടനത്തിലെ തീജ്വാലയ്ക്ക് മേഖലയിലെ എല്ലാ മരങ്ങളെയും നശിപ്പിക്കാന്‍ കഴിഞ്ഞില്ല. ബോംബു വീണിടത്തുനിന്നും അര മൈല്‍ മാത്രം അകലെയുള്ള യൂക്കാലിപ്‌സ് മരത്തിനെ സ്‌ഫോടനത്തിന് നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ 2011 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രീന്‍ ലെഗസി ഹിരോഷിമ എന്ന സംഘടന ഈ മരങ്ങളില്‍ നിന്ന് വിത്തുകള്‍ ശേഖരിച്ച് ലോകമെമ്പാടും എത്തിച്ച് സമാധാനത്തിന്റെയും പ്രത്യാശയുടെയും സ്മാരകത്തോട്ടങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം.
ജിഎല്‍എച്ച് എന്ന ആശയത്തിന് തുടക്കമിട്ടപ്പോള്‍, 170 ഹിബാകുജുമോകു മരങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍, അണുബോംബ് അതിജീവിച്ച മരങ്ങളുടെ എണ്ണവും കാലക്രമേണ കുറയാന്‍ തുടങ്ങി. ചിലത് സ്വാഭാവിക കാരണങ്ങളാല്‍ നശിച്ചു. മറ്റു ചിലത് അബദ്ധത്തില്‍ മുറിച്ചുമാറ്റി. സംഘാടകരായ നസ്രിന്‍ അസിമിയും ടോമോകോ വതനാബെയും തങ്ങള്‍ കരുതിയതിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കി. അങ്ങനെ, ഒരു ഔദ്യോഗിക സംരക്ഷണവും ഇല്ലാതിരുന്ന ഈ മരങ്ങളെ സംരക്ഷിക്കാന്‍ ജിഎല്‍എച്ച് എന്ന പദ്ധതിക്ക് രൂപം നല്‍കി.
ബോംബിംഗ് സ്ഥലവും അനുബന്ധ സ്മാരകങ്ങളും ഉള്‍പ്പെടുന്ന യുനെസ്‌കോ ലോക പൈതൃക സ്ഥലത്തിന് പുറത്തായിരുന്നു ഈ മരങ്ങള്‍. അതിനാല്‍, ആളുകളില്‍ അവബോധം വളര്‍ത്തുന്നതിലൂടെ മാത്രമേ ഇവയെ സംരക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ജിഎല്‍എച്ചിനെ ആഗോളതലത്തില്‍ എത്തിച്ചുകൊണ്ട് അവര്‍ ഇത് സാധിച്ചു. 2025 ആയപ്പോഴേക്കും ലോകമെമ്പാടുമുള്ള 41 രാജ്യങ്ങള്‍ ഹിബാകുജുമോകുവിന്റെ വിത്തുകള്‍ സ്വീകരിക്കുകയും നടുകയും ചെയ്തു. അങ്ങനെ, ആ മരങ്ങള്‍ നശിച്ചാലും അവയുടെ പാരമ്പര്യം തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
വര്‍ഷാവര്‍ഷം നടക്കുന്ന ചെറിയ വാര്‍ഷികങ്ങളെക്കാള്‍ പ്രാധാന്യമുള്ള 1,000 വര്‍ഷത്തെ സ്മാരക പദ്ധതി എന്ന ആശയം ഈ അവബോധമുണ്ടാക്കലിന്റെ ഭാഗമാണ്. സ്‌ഫോടന കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള ഒരു വൃക്ഷത്തിന്റെ തായ്ത്തടി സ്‌ഫോടനത്തില്‍ ചിന്നിച്ചിതറി ചാരമായിപ്പോയി. എന്നാല്‍ 1947-ല്‍ ഹിരോഷിമ മേയര്‍ ഷിന്‍സോ ഹമായി നാശനഷ്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ ആ തായ്ത്തടിയില്‍ വീണ്ടും മുളകള്‍ വന്നതായി കണ്ടെത്തി. അദ്ദേഹം അതിനെ പ്രത്യാശയുടെ അടയാളമായി കണ്ടു.
അതേ വര്‍ഷം തന്നെ ആദ്യത്തെ വാര്‍ഷിക ഹിരോഷിമ സമാധാനോത്സവം നടന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകള്‍ അതില്‍ പങ്കെടുത്തു. ആ പഴയ ചിത്രങ്ങളില്‍ പലതിലും ഗൗരവമുള്ള മുഖങ്ങളാണ് കാണുന്നത്, അതിനു പിന്നില്‍ കേടുപാടുകള്‍ സംഭവിച്ചതെങ്കിലും ജീവനോടെയുള്ള ഹിബാകുജുമോകു മരങ്ങള്‍ പതുക്കെ വീണ്ടും വളര്‍ന്നു നില്‍ക്കുന്നത് കാണാമായിരുന്നു.




