Lifestyle

നിസാരമായി തള്ളിക്കളയും, എന്നാല്‍ ആരോഗ്യപരമായി ശ്രദ്ധ വേണ്ടതാണ് ഈ അടുക്കളകാര്യങ്ങള്‍

ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് പോലെ തന്നെ അടുക്കളയിലെ ചില കാര്യങ്ങളിലും വളരെയധികം ശ്രദ്ധ വേണം. അടുക്കളയിലെ ചില അശ്രദ്ധമായ കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഭീഷണിയുള്ള കാര്യം തന്നെയാണ്. ഇങ്ങനെ നമ്മള്‍ നിസാരമായി തള്ളിക്കളയുന്നതും എന്നാല്‍ ശ്രദ്ധ വേണ്ടതുമായ കാര്യങ്ങളെ കുറിച്ച് അറിയാം….

  • എണ്ണ അധികം ചൂടാക്കിയാല്‍ – ഒലിവെണ്ണ, വെളിച്ചെണ്ണ, സൂര്യകാന്തിയെണ്ണ, ബട്ടര്‍ ഇവയെല്ലാം പാചകത്തിന് ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഇവയെല്ലാം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതാണോ? ഓരോ എണ്ണയ്ക്കും വ്യത്യസ്ത സ്‌മോക്കിങ് പോയിന്റ് ഉണ്ട്. നിലക്കടലയെണ്ണ, എള്ളെണ്ണ, സൂര്യകാന്തി എണ്ണ, ആല്‍മണ്ട് ഓയില്‍ ഇവയെല്ലാം ഉയര്‍ന്ന സ്‌മോക്ക് പോയിന്റ് ഉള്ളവയാണ്. അതായത് ഉയര്‍ന്ന ചൂടിലും ഇവ പാചകം ചെയ്യാമെന്നു ചുരുക്കം. സോയാബീന്‍ എണ്ണയും ചോള എണ്ണയും പ്രമേഹ കാരണമാകും എന്നതിനാല്‍ ഒഴിവാക്കുക. ആരോഗ്യ മേകുന്നതോടൊപ്പം സൗന്ദര്യ സംരക്ഷണത്തിനും നമ്മുടെ സ്വന്തം വെളിച്ചെണ്ണ ഉപയോഗിക്കുന്നു. ഉപ്പും മധുരവും പോലെ എണ്ണയുടെ ഉപയോഗവും അമിതമാകരുതെന്നു മാത്രം. വെളിച്ചെണ്ണയും ഒലിവ് ഓയിലും പോഷക സമ്പുഷ്ടവും ആരോഗ്യകരവുമാണ്. എന്നാല്‍ ഉയര്‍ന്ന താപനിലയില്‍ ഇവയിലെ പോഷകങ്ങള്‍ നശിക്കുന്നു. പരിധിയിലധികം ചൂടാക്കിയാല്‍ ഇവ അനാരോഗ്യകരമാണ്.
  • ഉപ്പും മധുരവും – രണ്ടും ഒരുപോലെ ആവശ്യമുള്ളത്. എന്നാല്‍ അളവ് കൂടിയാലോ, അനാരോഗ്യകരവും. ഉപ്പ് കുറച്ചു മാത്രം ഉപയോഗിച്ച് ശീലിക്കുക. ദിവസം 1500 മില്ലി ഗ്രാമിലും കുറവ് ഉപ്പ് മാത്രമേ ശരീരത്തില്‍ എത്താവൂ എന്നാണ് കണക്ക്. ഉപ്പു പോലെ തന്നെയാണ് പഞ്ചസാരയുടെ കാര്യവും. പഞ്ചസാരയുടെയും മധുരപലഹാരങ്ങളുടെയും ഉപയോഗം കുറയ്ക്കുക.
  • വറുത്തതും പൊരിച്ചതും – വറുത്തതും പൊരിച്ചതും ശീലമാക്കിയാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാകും നിങ്ങളെ കാത്തിരിക്കുക. ഹൃദ്രോഗം, പ്രമേഹം ഇവയെല്ലാം ഉണ്ടാകാം. (ഫ്രൈ ചെയ്ത ഭക്ഷണത്തോട് ആസക്തി ഉള്ളവരാണെങ്കില്‍ ഒരു ‘എയര്‍ ഫ്രൈയര്‍’ വാങ്ങാം. എണ്ണ ഒട്ടും ഇല്ലാതെ ഭക്ഷണം വേവിക്കാന്‍ സാധിക്കും. ട്രാന്‍സ്ഫാറ്റുകളെ പേടിക്കാതെ ഇഷ്ടഭക്ഷണം ആസ്വദിക്കുകയുമാവാം)
  • ഭക്ഷണത്തിലെ കൊഴുപ്പ് – നല്ല കൊഴുപ്പും ചീത്ത കൊഴുപ്പും ഉണ്ട്. വറുത്തതും പൊരിച്ചതും ഒന്നും നല്ലതല്ല എന്ന് അറിയാം. മത്സ്യം, വെണ്ണപ്പഴം മുതലായവയില്‍ നല്ല കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ഇവയില്‍ ധാരാളം ഉണ്ട്. ആവശ്യത്തിനു കൊഴുപ്പ് പാചകത്തില്‍ ഉപയോഗിക്കാത്തത് അബദ്ധമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഊര്‍ജത്തിന്റെ ഉറവിടമാണ് കൊഴുപ്പ് എന്നതു കൂടാതെ ഇത് അവയവങ്ങള്‍ക്ക് സംരക്ഷണമേകുന്നു. കോശസ്തരങ്ങളുടെ പ്രവര്‍ത്തനത്തിന് കൊഴുപ്പ് ആവശ്യമാണ്. ജീവകം എ,ഡി,ഇ, കെ എന്നിവയുടെ ആഗിരണത്തിനും ഇവ സഹായിക്കുന്നു.
  • പ്രോസസ്ഡ് ഫുഡ്‌സ് – കുട്ടികളുടെ ഇഷ്ടം നോക്കിയും സമയക്കുറവിനെ പഴിച്ചും റെഡി ടു ഈറ്റ്, ഫ്രോസണ്‍ മീല്‍ വാങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്. പ്രിസര്‍വേറ്റീവുകളും രാസവസ്തുക്കളും അടങ്ങിയ ഇവ ആരോഗ്യത്തിനു ദോഷകരമാണ്. കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
  • പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങള്‍ – കഴിക്കുന്ന ഭക്ഷണത്തിലെ ചേരുവകള്‍ എന്തൊക്കെ എന്നറിയുന്നതു പോലെ പ്രധാനമാണ് പാചകം ചെയ്യാന്‍ ഏതു തരം പാത്രം ഉപയോഗിക്കുന്നു എന്നതും. നോണ്‍സ്റ്റിക് പാത്രങ്ങള്‍ ആണ് ഇന്ന് മിക്ക അടുക്കളയിലും ഉപയോഗിക്കുന്നത്. ഇതിലെ ടെഫ്‌ലോണ്‍ കോട്ടിങ്ങില്‍ പെര്‍ഫ്‌ലൂറോഒക്ടാനോയിക് ആസിഡ് (PFOA or (8) എന്ന മനുഷ്യനിര്‍മിത രാസവസ്തു അടങ്ങിയിട്ടുണ്ട്. ഭക്ഷണവും പിഎഫ്ഒഎയുമായുള്ള സമ്പര്‍ക്കം കാന്‍സര്‍ വരാനും പ്രത്യുല്പാദന തകരാറിനും കരളിന്റെ പ്രവര്‍ത്തന വൈകല്യത്തിനും കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. അലുമിനിയം പാത്രങ്ങളിലെ പാചകവും ആരോഗ്യത്തിനു ദോഷം ചെയ്യും. ഇരുമ്പ്, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഗ്ലാസ്സ്, സെറാമിക് പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ കഴിവതും ശ്രദ്ധിക്കുക.
  • മിച്ചം വരുന്നതെല്ലാം പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിച്ചാല്‍ – പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഭക്ഷണം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും. വിപണിയില്‍ ലഭ്യമായ മിക്ക പ്ലാസ്റ്റിക് ജാറുകളിലും ബിസ്‌ഫെനോള്‍ എ (BPA) അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ചെന്നാല്‍ ഈസ്ട്രജനെ mimic ചെയ്യും. ഈസ്ട്രജന്റെ കൂടിയ അളവ് ശരീരഭാരം കൂടാനും ക്രമം തെറ്റിയ ആര്‍ത്തവചക്രത്തിനും തലവേദനയ്ക്കും കാരണമാകും. ഒപ്പം ചിലയിനം അര്‍ബുദങ്ങള്‍ക്കും സാധ്യതയേറും. പ്ലാസ്റ്റിക് ജാറുകള്‍ക്കു പകരം കുപ്പിപ്പാത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
  • ഇറച്ചി അധികം വേവിച്ചാല്‍ – പച്ച ഇറച്ചിയും വേവാത്ത ഇറച്ചിയും ദോഷം ചെയ്യും ഇതു പോലെയാണ് അമിതമായി വെന്ത ഇറച്ചിയും 300 ഡിഗ്രി ഫാരന്‍ഹീറ്റിലും അധികം ഇറച്ചി വെന്താല്‍ അവയില്‍ HCA(Hetero Cyclic Aminase), PAH (Polycyclic Aromatic Hydrocarbons) എന്നീ സംയുക്തങ്ങള്‍ രൂപപ്പെടും. ഇത് മനുഷ്യനില്‍ ഡി.എന്‍.എ. തകരാറുകള്‍ വരുത്തും. അര്‍ബുദത്തിനു കാരണമാകുന്ന എന്‍സൈമുകളെ ഈ സംയുക്തങ്ങള്‍ ആക്ടിവേറ്റ് ചെയ്യും. ഗ്രില്‍ ചെയ്യുകയും പാനില്‍ വറുത്തെടുക്കുകയും ചെയ്ത ഇറച്ചിയാണ് അപകടകരം.