Movie News

”ഇന്നും എന്റെ നിറത്തെ വെച്ച് കളിയാക്കുന്ന ആളുകള്‍ ഉണ്ട്,  എന്റെ മതമല്ല, ജാതിയാണ് ഇവര്‍ക്ക് പ്രശ്‌നം”  – വിനായകന്‍

തന്റെ നിറത്തെ വെച്ച് ഇന്നും ആളുകള്‍ കളിയാക്കാറുണ്ടെന്ന് നടന്‍ വിനായകന്‍. ഇത്രയും വലിയ വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തിന് തന്റെ മതമല്ല ജാതിയാണ് പ്രശ്‌നമെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു.

” ഇന്നും എന്റെ നിറത്തെ വെച്ച് ആള്‍ക്കാര്‍ കളിയാക്കാറുണ്ട്. ഇത്രയും വലിയ വിദ്യാഭ്യാസമുള്ള ഒരു സമൂഹമാണ്. നമ്മള്‍ ആലോചിയ്ക്കണം എന്താണ് ഇവര്‍ ചെയ്യുന്നത്. ഞാന്‍ എന്ത് തെറ്റ് ചെയ്തു. പറയുന്നത് ഇവരല്ലേ. ഒരു മര്യാദ വേണ്ടേ..ഒരു ശവശരീരം ചുമന്നു കൊണ്ട് ഇങ്ങനെയൊക്കെ നാടകം കാണിയ്ക്കണോ ?.  ഈ സമൂഹമാണ് എന്നെ ചീത്ത പറയുന്നത്. എന്റെ മതമല്ല, എന്റെ ജാതിയാണ് ഇവര്‍ക്ക് പ്രശ്‌നം. ആ വേദന എന്റെ മനസില്‍ ഉണ്ട്. ഞാന്‍ ഒരു പച്ച മനുഷ്യന്‍ ആണ്. നിങ്ങള്‍ ആലോചിച്ച് നോക്കൂ. ഞാന്‍ എന്ത് തെറ്റ് ചെയ്‌തെന്ന് പറയൂ. സമൂഹത്തില്‍ എല്ലാവരേയും ഞാന്‍ കുറ്റം പറയുന്നില്ല. ഒരു കൂട്ടം ആളുകള്‍ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.” – വിനായകന്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ താന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ചും വിനായകന്‍ കൂടുതല്‍ വിശദീകരിച്ചു. ” ഞാന്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ചല്ല പറഞ്ഞത്. ഞാന്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണ്. ഇവരാണ് നാടകം കളിച്ചു കൊണ്ടിരിയ്ക്കുന്നത്. ഇവര്‍ക്കല്ലേ അപ്പോള്‍ നാഷണല്‍ അവാര്‍ഡ് കൊടുക്കേണ്ടത്. ബെസ്റ്റ് ആക്ടര്‍ ആയിട്ട്. ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കേണ്ട ഒരു ഗ്രൂപ്പാണ്. ഇവര്‍ എന്ത് നാടകമാണ് ഈ കാണിക്കുന്നത്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛന്‍ ചത്തു എന്നു സമൂഹത്തിന് പറയാമെങ്കില്‍ പിന്നെ അയാളുടെ അച്്ഛന്‍ ചത്തു എന്നു എനിക്കും പറഞ്ഞു കൂടേ ?. അപ്പോള്‍ എന്റെ അച്ഛന്‍ ആരാ ചീത്തയോ ?  എന്റെ അച്ഛന്‍ ചീത്ത അല്ലേ ? ഇവരുടെ അച്ഛന്‍ ഭയങ്കര തീപ്പെട്ടു, മരണമടഞ്ഞു അല്ലേ ?. എന്റെ അച്ഛന്‍ മാത്രം ചത്തു അതെന്താ ?. എനിക്കും എന്റെ അച്ഛന്‍ ഭയങ്കരമാണ്. സമൂഹത്തിലെ ഒരു കൂട്ടം വിഷങ്ങളാണ് ഈ ചെയ്തു കൊണ്ടിരിയ്ക്കുന്നത്. സമൂഹത്തിനെ നശിപ്പിയ്ക്കുന്നതിനെതിരെ ഇനിയും സംസാരിയ്ക്കും ” – വിനായകന്‍ വ്യക്തമാക്കുന്നു.