Crime

30 കഷ്ണങ്ങളായി യുവതിയെ വെട്ടിക്കൊന്ന് ഫ്രിഡ്ജിലാക്കി ; ബംഗലുരുവിനെ ഞെട്ടിച്ച് ഭീകര കൊലപാതകം

ബംഗലുരു: ബംഗലുരു നഗരത്തില്‍ യുവതിയുടെ മൃതദേഹം പല ഭാഗങ്ങളായി വെട്ടിമുറിച്ച നിലയില്‍ റഫ്രജിറേറ്ററില്‍ നിന്നും കണ്ടെത്തി. 30 ലധികം കഷ്ണങ്ങളായിട്ടാണ് മൃതദേഹം വെട്ടിമുറിച്ചിരുന്നത്. സംഭവത്തില്‍ 29 കാരി മഹാലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഒരാഴ്ച മുമ്പാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്.

വ്യാളികവല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ വെട്ടിമുറിച്ച നിലയില്‍ യുവതിയുടെ ശരീരം കണ്ടെത്തിയതായി പോലീസും പറഞ്ഞു. അന്യസംസ്ഥാനക്കാരിയാണ് ഇര. കര്‍ണാടകയില്‍ ജോലി സംബന്ധമായ ആവശ്യത്തിന് വരികയും സ്ഥിരതാമസമാക്കുകയും ചെയ്തയാളാണ്. സംഭവം നടക്കുമ്പോള്‍ യുവതി തനിച്ചായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് അനുമാനിക്കുന്നത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്നയാളാണ് യുവതി. ഇവരുടെ ഭര്‍ത്താവ് നഗരത്തില്‍ നിന്നും ദൂരെയുള്ള ഒരു ആശ്രമത്തിലാണ് ജോലി ചെയ്തിരുന്നത്. വിവരമറിഞ്ഞ് ഭര്‍ത്താവ് സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ലിവിംഗ് പങ്കാളി അഫ്താബ് പൂനാവാല കൊലപ്പെടുത്തി ശ്രദ്ധാ വാക്കര്‍ കൊലപാതകത്തിന് സമാനമാണ് ഈ കേസും. ശ്രദ്ധാ വാക്കറെ 35 കഷ്ണമായിട്ടാണ് പങ്കാളി വെട്ടിയരിഞ്ഞത്. അതിന് ശേഷം റഫ്രജറേറ്ററില്‍ ശരീരഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്തു.