പൊന്മുടി സംസ്ഥാന ഹൈവേയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വരാജ് ഗേറ്റ് പരിസരത്ത് യക്ഷിയെ കണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരന്നിരുന്നു. ഇതിനെ സംബന്ധിച്ച് വിതുര പോലീസ് അന്വേഷണം തുടങ്ങി. നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പനയ്ക്കായി യക്ഷികഥ പ്രചരിപ്പിച്ചതാണെന്ന വിതുര ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ഭീതി തോന്നുന്ന തരത്തലുള്ള അസ്വാഭാവിക വേഷധാരിയായ സ്ത്രിയുടെ ചിത്രമാണ് യക്ഷിയെന്ന പേരില്‍ പ്രചരിക്കുന്നത്. ഇതിനോടൊപ്പെം തന്നെ ശബ്ദ രേഖയും പുറത്തുവന്നു. ചാരുപാറ വഴിവന്നപ്പോള്‍ ഗേറ്റില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം മാറി യക്ഷിയെ കണ്ടെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അതു വഴി പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും ശബ്ദരേഖയില്‍ പറയുന്നു.
പോലീസ് ശബ്ദരേഖയുടെയും ചിത്രത്തിന്റെയും ആധികാരിക പരിശോധിച്ചു. യക്ഷിക്കഥയെന്ന തലക്കെട്ടോടെ ബീഹാറിലെ ഒരു ഗ്രാമത്തിനെ ചുറ്റിപ്പറ്റി പ്രചരിച്ചതാണെന്നും പോലീസ് കണ്ടെത്തി. എന്നാല്‍ ശബ്ദരേഖയുടെ ഉടമയെ തിരിച്ചറിഞ്ഞില്ല. എന്നാല്‍ സംസാരരീതി വെച്ച് പരിസരവാസിയാണ് ശബ്ദത്തിന്റെ ഉടമയെന്ന് പോലീസ് പറയുന്നു. ലഹരി വില്‍പ്പനയുമായി ബന്ധമുള്ളവരുമായി ശബ്ദത്തിന് സാമ്യമുണ്ടോയെന്ന് പരിശോധിക്കുന്നു.
നാട്ടുക്കാര് ഈ യക്ഷിയെ പിടികൂടാനായി ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. എന്നാല്‍ സ്വരാജ് ഗേറ്റിന് സമീപത്തായി ചിലര്‍ ബൈക്കില്‍ വന്ന് മടങ്ങുന്നതായി നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തി.
വിജനമായ പല ഇടങ്ങളും വിപണന കേന്ദ്രമായി മാറിയതിന് പിന്നാലെ ലഹരി വ്യാപനം രൂക്ഷമാണെന്ന് ബന്ധപ്പെട്ടവര്‍ സൂചന നല്ക്കുന്നു. ഇതിന് തടയാനായി എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പം പഞ്ചായത്തുകളും നാട്ടുകാരും സജീവമായി രംഗത്തെത്തി.
മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വിതുരയ്ക്ക് ലഭിച്ചതിന്റെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് സ്വരാജ് ഗേറ്റ്. നിലവില്‍ അത് വെറുതെ കിടക്കുകയാണ്.




